'നേതാക്കളെ സ്വർണക്കടത്തുകാരായി ചിത്രീകരിച്ചു'; സി.പി.ഐയുടെ പരസ്യ പ്രസ്താവനയിൽ സി.പി.എമ്മിന് അതൃപ്തി

സി.പി.ഐയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്

Update: 2024-07-01 00:47 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: പാർട്ടിക്കെതിരായ സി.പി.ഐയുടെ പരസ്യപ്രസ്താവനയിൽ സി.പി.എമ്മിന് കടുത്ത അതൃപ്തി. സി.പി.എം നേതാക്കളെ സ്വർണ്ണക്കടത്തുകാരായും സ്വർണ്ണം പൊട്ടിക്കലുകാരായും ചിത്രീകരിക്കുന്ന പ്രസ്താവനയെന്നാണ് ആരോപണം. സി.പി.ഐയുടെ പ്രസ്താവനയെ സി.പി.എം പരസ്യമായി തള്ളിപ്പറഞ്ഞേക്കും.

കണ്ണൂരിൽ നിന്ന് പുറത്ത് വരുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമാണെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കഴിഞ്ഞദിവസം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നത്. പൊതുസമൂഹത്തിന് മുന്നിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചു. എന്നാൽ സി.പി.ഐയുടെ തുറന്ന വിമർശനം സി.പി.എമ്മിന് അത്രയും ദഹിച്ചിട്ടില്ല.

സി.പി.ഐയുടെ പ്രസ്താവനയുടെ ഉള്ളടക്കത്തിൽ പ്രശ്നമുണ്ടെന്നാണ് സി.പി.എം നേതാക്കൾ പറയുന്നത്. സി.പി.എമ്മിന്റെ നേതാക്കൾ സ്വർണ്ണം പൊട്ടിക്കലിനെയും സ്വർണ്ണക്കടത്തിനെയും ന്യായീകരിക്കുന്നു എന്ന ധ്വനി സി.പി.ഐയുടെ പ്രസ്താവനയിൽ ഉണ്ടെന്നാണ് സി.പി.എം നേതാക്കളുടെ നിലപാട്.

തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടിയിലേക്ക് പോകാൻ തീരുമാനിച്ചതിനിടയിൽ പ്രധാനഘടകകക്ഷിയിൽ നിന്ന് ഇത്രയും വലിയ വിമർശനം സി.പി.എം പ്രതീക്ഷിച്ചതുമില്ല. വിമർശനങ്ങളുടെ ഉള്ളടക്കത്തെ ഉൾക്കൊള്ളുന്നുണ്ടെങ്കിലും പ്രസ്താവനയിലൂടെ സി.പി.ഐ പറഞ്ഞു വച്ചതിനെ സി.പി.എം അംഗീകരിക്കുന്നില്ല.

സി.പി.ഐയുടെ പ്രസ്താവന പരസ്യമായി തള്ളിപ്പറയണമെന്ന അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കിടെ പ്രധാന ഘടക കക്ഷിക്കെതിരെ വിമർശനം ഉയർത്തിയാൽ അത് പ്രതിപക്ഷം ആയുധമാക്കുമോ എന്നുള്ള ആശങ്കയിലാണ് നേതൃത്വമുള്ളത്. എൽ.ഡി.എഫ് യോഗത്തിലോ മറ്റോ സമാനമായ വിമർശനം സി.പി.ഐ ഉയർത്തിയാൽ അതിന് മറുപടി പറഞ്ഞുപോകാമെന്ന ആലോചനയും സി.പി.എമ്മിന്റെ നേതൃത്വത്തിലുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News