'പൊലീസിനും പട്ടാളത്തിനും തടയാനാവില്ല, കെ.എസ്.യുക്കാരുടെ രക്തം വീഴ്ത്തിയേ ഞങ്ങൾ അടങ്ങൂ'; കൊലവിളി പ്രസംഗവുമായി സി.പി.എം നേതാവ്
നേരത്തെ കാലടി ശ്രീ ശങ്കരാ കോളേജിൽ കോളേജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം നടന്നിരുന്നു
കാലടി ശ്രീ ശങ്കരാ കോളേജിൽ കോളേജിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെ പഞ്ചായത്ത് പ്രസിഡൻറായ സി.പി.എം നേതാവിന്റെ കൊലവിളി പ്രസംഗം. പി.യു ജോമോനാണ് വിവാദ പ്രസംഗം നടത്തിയത്. കാമ്പസിൽ എസ്.എഫ്.ഐ പ്രവർത്തകന്റെ ചോര വീണിട്ടുണ്ടെങ്കിൽ നേരത്തെ പ്രതിപാദിക്കപ്പെട്ട അഞ്ച് കെ.എസ്.യു പ്രവർത്തകരുടെയും വീഴ്ത്തുമെന്നാണ് ഇയാൾ പ്രസംഗിച്ചത്. പൊലീസിനും പട്ടാളത്തിനും തങ്ങളെ തടയാനാവില്ലെന്നും പറഞ്ഞു. നേരത്തെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു - എസ്.എഫ്.ഐ സംഘർഷം നടന്നിരുന്നു.
വിവാദ പ്രസംഗം അങ്കമാലി എംഎൽഎ റോജി എം ജോണടക്കം ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. കോളേജ് യൂണിയൻ ഇലക്ഷൻ തോറ്റതിന് അഞ്ച് കെ.എസ്.യു പ്രവർത്തകരുടെ ചോര വീഴ്ത്താൻ കൊലവിളി നടത്തുന്ന സിപിഎം പഞ്ചായത്ത് പ്രസിഡൻറാണിതെന്നും അഞ്ചു പേരുടെ ചോര വീഴ്ത്താൻ നോക്കാതെ അഞ്ച് വിദ്യാർഥികൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നെങ്കിൽ 18 വർഷം എസ്.എഫ്‌ഐ ക്ക് സ്വന്തമായിരുന്ന ഒരു കോളേജിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്ന് നേതാവിന് ആരെങ്കിലും പറഞ്ഞ് കൊടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ വീഡിയോക്കൊപ്പം കുറിച്ചു.
18 വർഷം എസ്.എഫ്.ഐ വിജയിച്ചിരുന്ന കാലടി ശ്രീ ശങ്കരാ കോളേജിൽ കഴിഞ്ഞ മൂന്ന് വർഷമായി കെ.എസ്.യു വിജയിക്കുകയാണെന്നും ഇത്തവണ 14 ൽ 13 സീറ്റും നേടി കെ.എസ്.യു വിജയിച്ച കാമ്പസിൽ അക്രമം അഴിച്ച് വിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'പൊലീസും പട്ടാളവും ഒന്നും വിഷയമല്ലാതെ' കൊലവിളി നടത്തുന്ന ഇത്തരം നേതാക്കളെ നിലക്ക് നിർത്താൻ ഭരിക്കുന്ന പാർട്ടിക്കോ പൊലീസിനൊ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.