മുർഷിദാബാദ് സംഘർഷം: BJPയെ കുറ്റപ്പെടുത്താൻ കേരളത്തിലെ സിപിഎമ്മുകാർ ഭയക്കുന്നു -ശിഹാബ് പൂക്കോട്ടൂർ
‘പശ്ചിമ ബംഗാളിൽ നടക്കുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തും സിപിഎമ്മും ഒരുമിച്ചാണ് അണിനിരക്കുന്നത്’


കോഴിക്കോട്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിലുണ്ടായ സംഘർഷത്തിൽ ബിജെപിയെ കുറ്റപ്പെടുത്താൻ കേരളത്തിലെ സിപിഎം ഭയക്കുന്നുവെന്ന് ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. പശ്ചിമ ബംഗാളിൽ നടക്കുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തും സിപിഎമ്മും ഒരുമിച്ചാണ് അണിനിരക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വെസ്റ്റ് ബംഗാളിൽ കൊല്ലപ്പെട്ട സഖാക്കളായ ഹർ ഗോബിന്ദ ദാസിനെയും ചന്ദൻദാസിനെയും വധിച്ചത് ബിജെപിയും തൃണമൂൽ കോൺഗ്രസുമെന്ന് വെസ്റ്റ് ബംഗാൾ സിപിഎം. ജമാഅത്തെ ഇസ്‌ലാമിയാണെന്ന് കേരളത്തിലെ സൈബർ സഖാക്കൾ. താഴെയുള്ള ഫോട്ടോയിലൊന്ന് മുർഷിദാബാദിലെ സംഘർഷത്തിനു പിന്നിൽ തൃണമൂലും ബിജെപിയുമെന്ന് ബംഗാളിലെ പാർട്ടി പത്രമായ ഗണശക്തിയിൽ വന്ന സി.പി.എം ബംഗാൾ ഘടകത്തിന്റെ പ്രസ്താവനയാണ്. ബിജെപിയെ കുറ്റപ്പെടുത്താൻ കേരളത്തിലെ സിപിഎം ഭയക്കുന്നുവെന്നർത്ഥം.
മറ്റൊരു ഫോട്ടോ, മുസ്‌ലിം പേഴ്സണൽ ബോർഡ് മെമ്പർ മൗലാനാ അബൂതാലിബ് റഹ്‌മാനി, സിപിഐ (എം) സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം, ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ് ബംഗാൾ അമീർ ഡോ. മശീഉർ റഹ്‌മാർ, എസ്ഐഒ സംസ്ഥാന പ്രസിഡന്റ് ഇമ്രാൻ ഹുസൈൻ എന്നിവർ വഖഫ് ഭേദഗതി നിയമത്തിനെതിരെ സംയുക്ത പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നു. അതായത് പശ്ചിമ ബംഗാളിൽ നടക്കുന്ന വഖഫ് സംരക്ഷണ പ്രക്ഷോഭത്തിൽ ജമാഅത്തും സി.പി.എമ്മും ഒരുമിച്ചാണ് അണിനിരക്കുന്നത്. കേട്ടാലറക്കുന്ന വ്യാജം എഴുന്നെള്ളിച്ച് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നതിനു മുമ്പ് ഇതൊക്കെയൊ അന്വേഷിക്കണ്ടേ സഖാക്കളേ.