സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഇന്ന് മുതൽ
കോൺഗ്രസിനോടുള്ള സമീപനത്തിൽ നിർണായക ചർച്ചകൾ നടക്കും
കണ്ണൂര്‍: സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കമാകും.പ്രവർത്തന റിപ്പോർട്ട് യെച്ചൂരിയും സംഘടനാ റിപ്പോർട്ട് പ്രകാശ് കാരാട്ടും അവതരിപ്പിക്കും. തെരഞ്ഞെടുപ്പ് സഖ്യവും കോൺഗ്രസ് പാർട്ടിയോടുള്ള സമീപനവും തീരുമാനിക്കുന്ന രാഷ്ട്രീയ പ്രമേയത്തിലും നിർണായക ചർച്ചകൾ നടക്കും.
നായനാർ അക്കാദമിയിൽ മുതിർന്ന നേതാവായ എസ്. രാമചന്ദ്രൻപിള്ള പാർട്ടി പതാക ഉയർത്തും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. കോൺഗ്ര സുമായി സഖ്യം രൂപീകരിച്ച് ബിജെപിക്കെതിരെ ബദൽ രൂപീകരിക്കണമെന്ന നിലപാട് സിപിഎമ്മിനില്ല.
പ്രാദേശിക പാർട്ടികളുമായി ചേർന്ന് കൂട്ടുകെട്ട് ഉണ്ടാക്കി ഇടത് മതേതര ബദൽ രൂപീകരിക്കണമെന്നാണ് കരട് രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നത്. കാര്യമായ ഭേദഗതികളില്ലാതെ പ്രമേയം പാർട്ടി കോൺഗ്രസ് അംഗീകരിച്ചേക്കും. കെ റെയിലുമായി ബന്ധപ്പെട്ട ചർച്ചകളും യോഗത്തിൽ ഉയർന്ന് വരാൻ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ വിമർശനം ഉന്നയിച്ചാൽ കേരളത്തിൽ നിന്ന് ചർച്ചയിൽ പങ്കെടുക്കുന്നവർ മറുപടി നൽകും. പിബിയിലും കേന്ദ്രകമ്മിറ്റിയിലും പുതുമുഖങ്ങൾ വന്നേക്കും.