ലോക്സഭാ തെരഞ്ഞെടുപ്പിലെ സർവ്വേ ഫലങ്ങളെ തള്ളി സി.പി.എം
കേരളത്തിലെ ഒരു സീറ്റിലും ബി.ജെ.പി വിജയിക്കില്ലെന്ന നിലപാടിൽ തന്നെയാണ് യുഡിഎഫ് നേതൃത്വവും
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ സർവ്വേ ഫലങ്ങളെ തള്ളി സി.പി.എം. ബി.ജെ.പി കേരളത്തിൽ ഒരു സീറ്റും കിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സിപിഎമ്മും കോൺഗ്രസും. എന്നാൽ, എക്സിറ്റ് പോൾ സർവ്വേകളിൽ പറയുന്ന പോലെ മോദി അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് ബിജെപി.
സർവ്വേഫലങ്ങൾ വരുന്നതിനു മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അതിനെയെല്ലാം തള്ളിക്കളഞ്ഞിരുന്നു. സർവ്വേഫലങ്ങളിലല്ല ജൂൺ നാലിന് വരുന്ന ജനങ്ങളുടെ വിധിയെഴുത്തിലാണ് വിശ്വാസം എന്നായിരുന്നു സിപിഎമ്മിന്റെ പ്രതികരണം. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും എന്ന സർവ്വേഫലങ്ങൾ പുറത്തുവരുമ്പോഴും സിപിഎം നേതൃത്വത്തിന്റെ നിലപാടിൽ മാറ്റമില്ല. ഒരു സീറ്റിലും ബിജെപി വിജയിക്കില്ല എന്ന നിലപാടിലാണ് സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വം. സർവ്വേകളിൽ പറയുന്നതിനേക്കാൾ എൽ.ഡി.എഫിന് കൂടുതൽ സീറ്റുകൾ കിട്ടുമെന്നും നേതൃത്വം അവകാശപ്പെടുന്നുണ്ട്.
യുഡിഎഫിന് അനുകൂലമായ തരംഗം ഉണ്ടെന്ന് സർവ്വേകൾ പറയുന്നുണ്ടെങ്കിലും, ബിജെപി ചില സിറ്റുകളിൽ വിജയിക്കുമെന്ന ഫലങ്ങളെ കോൺഗ്രസ് നേതൃത്വം അംഗീകരിക്കുന്നില്ല. കേരളത്തിലെ ഒരു സിറ്റിലും ബി.ജെ.പി വിജയിക്കില്ലെന്നാണ് യുഡിഎഫ് നേതൃത്വവും പറയുന്നത്. എന്നാൽ സർവേയിൽ പറയുന്ന എൻ.ഡി.യ അനുകൂല തരംഗം കേരളത്തിൽ ഉണ്ടാകുമെന്നും, ബിജെപി അക്കൗണ്ട് തുറക്കും എന്നുമാണ് ബിജെപിയുടെ അവകാശവാദം.