വിഭാഗീയത പഴങ്കഥ; ആത്മവിശ്വാസത്തോടെ സി.പി.എം സംസ്ഥാനസമ്മേളനത്തിന്

വി.എസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ചിരുന്ന കാലം കഴിഞ്ഞു... വിഭാഗീയത ഇല്ലാതെ സംസ്ഥാനസമ്മേളനത്തിനൊരുങ്ങി സി.പി.എം

Update: 2022-02-28 00:57 GMT
Advertising

വര്‍ഷങ്ങളോളം പാര്‍ട്ടി നേതൃത്വത്തിന് തലവേദനയായിരുന്ന വിഭാഗീയത ഇല്ലാതെയാണ് ഇത്തവണ സംസ്ഥാനസമ്മേളനത്തിന് സി.പി.എം തയ്യാറെടുക്കുന്നത്. വി.എസ്-പിണറായി പക്ഷങ്ങള്‍ ചേരിതിരിഞ്ഞ് പോരടിച്ചിരുന്ന കാലം കഴിഞ്ഞുവെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. ജില്ലാസമ്മേളനങ്ങളില്‍ വിഭാഗീയ ചര്‍ച്ചകളും തര്‍ക്കങ്ങളും ഉണ്ടാകാതിരുന്നതും നേതൃത്വത്തിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില ജില്ലകളിലെ പ്രദേശിക തര്‍ക്കങ്ങള്‍ നേതൃത്വത്തിന് തലവേദനയാണ്.

2005ലെ മലപ്പുറം സമ്മേളനം തൊട്ട് 2015ലെ ആലപ്പുഴ സമ്മേളനം വരെ പാർട്ടി നേരിട്ട കടുത്ത വിഭാഗീയത ഇപ്പോഴില്ലെന്നതാണ് നേതൃത്വത്തിന് ആശ്വാസം. കഴിഞ്ഞ തൃശൂർ സമ്മേളനത്തിലേതിനു സമാനമായ ശാന്തതയാണ് എറണാകുളം സമ്മേളനത്തിലേക്കു കടക്കുമ്പോൾ സി.പി.എമ്മില്‍. വി.എസ് ഭരിക്കുന്ന കാലത്ത് പാര്‍ട്ടിയും സര്‍ക്കാരും രണ്ട് വഴിക്കായിരുന്നെങ്കില്‍ ഇപ്പോള്‍ ആ പ്രശ്നവുമില്ല. ഏകശിലാരൂപമായി പാർട്ടിയും ഭരണവും നീങ്ങുന്നുവെന്നതിന്‍റെ സൂചനയാണ് പതിനാല് ജില്ലാ സമ്മേളനങ്ങളും തർക്കങ്ങളോ മത്സരങ്ങളോ ഇല്ലാതെ പൂർത്തിയാക്കാനായത്. മാർച്ച് ഒന്നിനാണ് സിപിഎം സംസ്ഥാന സമ്മേളനം

സംസ്ഥാനസമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളിലും വിഭാഗീയതയുടെ അംശം പോലുമുണ്ടാകില്ലെന്ന വിശ്വാസിത്തിലാണ് നേതൃത്വം. തുടര്‍ ഭരണത്തിന്‍റെ തുടര്‍ച്ചയ്ക്ക് പാര്‍ട്ടിയെ സജ്ജമാക്കുകയാണ് ഈ സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചയായി വരാന്‍ പോകുന്നത്. അതേസമയം തന്നെ ജില്ലാസമ്മേളനങ്ങളില്‍ ഉയര്‍ന്ന പോലെ ആഭ്യന്തരവകുപ്പിനെതിരേയും ആരോഗ്യവകുപ്പിനെതിരായ വിമര്‍ശനങ്ങള്‍ സംസ്ഥാനസമ്മേളനത്തില്‍ ഉയര്‍ന്നേക്കും. എന്നാല്‍ പ്രാദേശികതലങ്ങളിൽ ഉരുണ്ടുകൂടുന്ന തർക്കങ്ങളെ പാർട്ടി നേതൃത്വം ജാഗ്രതയോടെ ഉറ്റുനോക്കുന്നുണ്ട്. പ്രാദേശികമായുള്ള തർക്കങ്ങൾ പ്രത്യയശാസ്ത്രത്തിന്‍റെ പേരിലല്ല മറിച്ച് പ്രവർത്തകർക്കിടയിൽ ഉരുണ്ടുകൂടുന്ന അധികാരത്തർക്കങ്ങളാണെന്നത് ഗൌരവത്തോടെ നേതൃത്വം കാണുന്നുണ്ട്. ബ്രാഞ്ച് സമ്മേളനം മുതല്‍ തർക്കങ്ങൾ കാണേണ്ടിവന്ന ജില്ലകളാണ് പാലക്കാടും ആലപ്പുഴയും. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാൻ പോകുന്ന സംഘടനാ റിപ്പോർട്ടിൽ ഈ രണ്ട് ജില്ലകളെക്കുറിച്ചും എടുത്തുപറയുന്നുണ്ട്. അത് പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമ്മേളനത്തില്‍ ഉയര്‍ന്ന് വരും.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News