'സിപിഎം കേന്ദ്രകമ്മിറ്റിയിൽ വനിതകൾക്ക് പ്രത്യേക സംവരണം കൊണ്ടുവരും'; പ്രകാശ് കാരാട്ട്
ഇൻഡ്യ സഖ്യത്തിന് ഭാഗികമായ വിജയം മാത്രമാണ് നേടാൻ കഴിഞ്ഞതെന്നും കാരാട്ട് മീഡിയവണിനോട്
ന്യൂഡല്‍ഹി: സിപിഎമ്മിൽ അടുത്ത കേന്ദ്രകമ്മിറ്റിയിൽ വനിതകൾക്ക് പ്രത്യേക സംവരണം കൊണ്ടുവരുമെന്ന് സിപിഎം പിബി കോഡിനേറ്റർ പ്രകാശ് കാരാട്ട് . സംവരണം എത്രശതമാനം വേണമെന്ന് പാർട്ടികോൺഗ്രസ് തീരുമാനിക്കുമെന്നും, കൂടുതൽ വനിതകളെ നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരുന്നതിൻ്റെ ഭാഗമായിട്ടാണ് നടപടിയെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. നേതൃപദവിയിലേക്ക് കൂടുതൽ വനിതകൾ വരണം. 20 -15 ശതമാനമൊക്കെ സംസ്ഥാന കമ്മിറ്റിക്ക് സംവരണം നൽകാം . അടുത്ത കേന്ദ്ര കമ്മിറ്റിയിൽ വനിതാകൾക്ക് സംവരണം ഉണ്ടാകും . പാർട്ടി കോൺഗ്രസ് ഇക്കാര്യം തീരുമാനിക്കും. പ്രകാശ് കാരാട്ട് പറഞ്ഞു.
അതേസമയം, ഇൻഡ്യ സഖ്യത്തിന് ഭാഗികമായ വിജയം മാത്രമാണ് നേടാൻ കഴിഞ്ഞതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു . പൂർണ തോതിൽ ഐക്യം നടന്നില്ല .പാർലമെന്റിലെ പ്രവർത്തനം മാറ്റി നിർത്തിയാൽ ഇൻഡ്യ സഖ്യം മുന്നോട്ട് പോയില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇൻഡ്യ സഖ്യം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് രൂപീകരിച്ചത്. ഭാഗികമായ വിജയം മാത്രമാണ് സഖ്യത്തിന് നേടാൻ കഴിഞ്ഞത്. പൂർണ തോതിൽ ഐക്യം നടന്നില്ല .പല സംസ്ഥാനങ്ങളിലും നടക്കുകയുമില്ല. മതേതര പാർട്ടികൾ കൈകോർത്തു. പാർലമെന്റിലെ പ്രവർത്തനം മാറ്റി നിർത്തിയാൽ ഇൻഡ്യ സഖ്യം മുന്നോട്ട് പോയില്ല'. പ്രകാശ് കാരാട്ട് പറഞ്ഞു.
കേരളത്തിൽ പാർട്ടി വ്യക്തികേന്ദ്രീകൃതമല്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. . കൂട്ടായ നേതൃത്വമാണ് കേരളത്തിലുള്ളത്. പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളുണ്ട്. കേരളത്തിൽ ഇടത് സർക്കാരിന് മൂന്നാമൂഴമുണ്ടാകുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.