പി വി അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ്: ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചു

കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങൾ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു

Update: 2021-08-28 03:38 GMT
Advertising

പി വി അൻവർ എംഎൽഎ പ്രതിയായ ക്രഷർ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ചേരി സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കർണാടകയിലെ കോവിഡ് നിയന്ത്രണങ്ങൾ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പി വി അൻവറിനെതിരായ 50 ലക്ഷത്തിന്‍റെ ക്രഷര്‍ തട്ടിപ്പുകേസ് അട്ടിമറിച്ചെന്ന പരാതിയെ തുടര്‍ന്ന് കേസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആഗസ്ത് ആദ്യ വാരം മഞ്ചേരി സിജെഎം കോടതി ആവശ്യപ്പെട്ടിരുന്നു. കേസിന് ആധാരമായ ക്രഷറും അനുബന്ധ മുതലുകളും സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. കര്‍ണാടകയില്‍ നിലനില്‍ക്കുന്ന കോവിഡ് നിയന്ത്രണങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കൂടുതല്‍ സാക്ഷികളെ ചോദ്യംചെയ്തതിന് ശേഷം രേഖകള്‍ കണ്ടെത്തും. തുടർന്ന് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

കര്‍ണാടകയില്‍ ക്രഷര്‍ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പ്രവാസി എഞ്ചിനീയറുടെ 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം നടുത്തൊടി സ്വദേശി സലീമാണ് കോടതിയെ സമീപിച്ചത്. തുടർന്നാണ് കേസ് മഞ്ചേരി സിജെഎം കോടതി മേൽനോട്ടത്തിലാക്കിയത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News