കെ.സുധാകരനെതിരായ വിവാദ പരാമര്‍ശം ; സി.വി വര്‍ഗ്ഗീസിനെതിരെ ഡിജിപിക്ക് പരാതി

കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതി നല്‍കിയത്

Update: 2022-03-09 09:56 GMT
Advertising

കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരായ വിവാദ പരാമര്‍ശത്തില്‍ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കെപിസിസി മൈനോറിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് ചെയര്‍മാന്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്താണ് പരാതി നല്‍കിയത്. സി.വി വര്‍ഗ്ഗീസിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് ആവശ്യം. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും ഷിഹാബുദ്ദീന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.

സുധാകരന് സി.പി.എം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്നുമായിരുന്നു സി.വി വർഗീസിന്‍റെ പരാമര്‍ശം. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു ഭീഷണി പ്രസംഗം. പ്രസംഗം വിവാദമായതോടെ വര്‍ഗീസ് വിശദീകരണവുമായി രംഗത്തെത്തി. താൻ പറഞ്ഞതിൽ തെറ്റില്ലെന്നും ധീരജിന്‍റെ ചോര ഉണങ്ങും മുമ്പ് സുധാകരൻ പ്രകോപനപരമായി സംസാരിച്ചിരുന്നെന്നും അതിനാണ് സുധാകരന് മറുപടി നൽകിയതെന്നും സി.വി വർഗീസ് പറഞ്ഞു. 

അതേസമയം, സി.വി വർഗീസിനെ ന്യായീകരിച്ച് എം.എം മണിയും രംഗത്തെത്തി. സുധാകരന്റെ പ്രകോപനത്തോട് പ്രതികരിക്കുക മാത്രമാണ് വർഗീസ് ചെയ്തതെന്നാണ് എം.എം മണി വ്യക്തമാക്കിയത്. കഴിഞ്ഞ ഒരാഴ്ചക്കാലമായി അക്രമരാഷ്ട്രീയത്തിനെതിരെ സി.പി.എമ്മും കോണ്‍ഗ്രസും ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിപാടികള്‍ നടത്തിവരുന്നുണ്ട്. കരിമണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയുണ്ടായ അക്രമത്തെ അതിരൂക്ഷമായ ഭാഷയിലാണ് സുധാകരന്‍ വിമര്‍ശിച്ചത്. ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിക്കുന്ന സമീപനവും ചെറുതോണിയില്‍ നടന്ന പരിപാടിയില്‍ സുധാകരന്‍ സ്വീകരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലായിരുന്നു സി.വി വർഗീസിന്‍റെ വിവാദ പരാമര്‍ശം.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News