നവജാത ശിശുവിനെ കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞു; നിര്‍ണായക മൊഴി പുറത്ത്
സമീപത്തെ ഫ്ളാറ്റിലെ മൂന്നുപേരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്
കൊച്ചി: എറണാകുളം പനമ്പിള്ളിനഗറിൽ നവജാതശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ കേസിൽ മൂന്നു പ്രതികളെന്ന് സൂചന. സമീപത്തെ ഫ്ലാറ്റിലുള്ള ഒരു പുരുഷനേയും രണ്ട് സ്ത്രീകളേയും ചോദ്യം ചെയ്യുകയാണ്. ഫ്ലാറ്റിലെ ശുചിമുറിയിൽ രക്തക്കറ കണ്ടെത്തുകയും തുടര്‍ന്ന് ഇവരെ പൊലീസ് ചോദ്യം ചെയ്യുകയുമായിരുന്നു.
കഴുത്തിൽ തുണികൊണ്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി.സമീപത്തെ മാലിന്യം നിറഞ്ഞ പറമ്പിലേക്ക് വലിച്ചെറിയുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. എന്നാൽ മൃതദേഹം നടുറോഡിലാണ് വീണതെന്നും പൊലീസ് പറയുന്നു. മൃതദേഹം കണ്ടെത്തിയ റോഡിന്‍റെ സമീപത്തെ ഫ്ളാറ്റിലെ 5-സിയില്‍ താമസിക്കുന്ന അഭയകുമാര്‍,ഭാര്യ,മകള്‍ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്.
സംഭവത്തിൽ പ്രതികളെ 24 മണിക്കൂറിനകം പിടിക്കൂടുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് ശ്യാം സുന്ദർ മീഡിയവണിനോട് പറഞ്ഞു. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും കമ്മീഷണർ മീഡിയവണിനോട് പറഞ്ഞു. ഇന്ന് രാവിലെ 8. 20 ഓടെയാണ് പനമ്പിള്ളിനഗറിൽ നടുറോഡില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.