'അക്രമത്തിൽ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റു'; ട്വന്റി ട്വന്റി പ്രവർത്തകർ
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാർഡ് മെമ്പറേയും സി പിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു
ദീപുവിന് ശനിയാഴ്ച വലിയ തോതിൽ മർദനമേറ്റിരുന്നതായി ട്വന്റി ട്വന്റി പ്രവർത്തകർ പറഞ്ഞു. അക്രമത്തിൽ ദീപുവിന്റെ തലക്കും വയറിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും അന്നു തന്നെ വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാർഡ് മെമ്പറേയും സി പിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു.
തിങ്കളാഴ്ചയാണ് ദീപുവിന് കൂടുതൽ വയ്യാതാവുകയും വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്. പിന്നീട് ആരോഗ്യ നില വഷളാവുകയായിരുന്നു. സ്വകാര്യആശുപത്രിയിൽ നിന്നടക്കം ദീപുവിന് വലിയ മർദനമേറ്റതായി സ്ഥിരീകരിച്ചിരുന്നു.
ജീവൻ രക്ഷിക്കാൻ പറ്റിയ സാഹചര്യമല്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്. പി വി ശ്രീനിജൻ എം എൽ എ ആശുപത്രി അധികൃതരെ സ്വാധീനിച്ചതിനാലാണ് ലിവർ സിറോസിസ് ആണ് മരണകാരണമെന്ന് പറയുന്നത് എന്നും പ്രവർത്തകർ പറഞ്ഞു.
പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കാൻ സാധ്യതയില്ല. ആശുപത്രി പരിസരത്ത് ട്വന്റി ട്വന്റി പ്രവർത്തകർ വൻ പ്രതിഷേധമാണ് നടത്തുന്നത്. പോസ്റ്റ് മോർട്ടത്തിൽ അട്ടിമറിയുണ്ടാവുമെന്ന് സംശയിക്കുന്നതായും പ്രവർത്തകർ ആരോപിച്ചു.
ട്വന്റി ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകളിലെ വികസന പ്രവർത്തനം പൊലീസിനെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് എം.എൽ.എയുടെ തടയുന്നു എന്നാരോപിച്ച് ട്വന്റി ട്വന്റി രംഗത്ത് വന്നിരുന്നു. ഇതിന്റെ ഭാഗമായി കിഴക്കമ്പലത്ത് വിളക്കണക്കൽ സമരം നടത്തിയിരുന്നു. ഇതിനിടെയാണ് ദീപുവിനെ സി.പി.എം പ്രവർത്തകർ മർദിച്ചത് എന്നാണ് ട്വന്റിട്വന്റി ആരോപണം. വീടിന് മുന്നിൽ വെച്ചായിരുന്നു ദീപുവിന് മർദനമേറ്റത്. സംഭവത്തിൽ നാല് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.