ചക്കിട്ടപ്പാറയിലെ ഭിന്നശേഷിക്കാരന്റെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു
തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറയിൽ പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ ഭിന്നശേഷിക്കാരൻ ജീവനൊടുക്കിയതിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തുടർനടപടികൾക്കായി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടി. ജോസഫിന്റ മരണത്തിൽ കേന്ദ്രസർക്കാർ,സാമൂഹ്യനീതിവകുപ്പ്, കോഴിക്കോട് ജില്ലാ കലക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കും.
മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എൻ നകുലേഷിന്റെ ബെഞ്ചിന്റെ ഇടപെടൽ. ചീഫ് ജസ്റ്റിസിന്റെ തീരുമാനം അറിഞ്ഞതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും.
ഇന്നലെയാണ് വളയത്ത് ജോസഫ് എന്ന പാപ്പച്ചനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജോസഫിന്റെ മൃതദേഹത്തിന് അരികിൽ നിന്ന് ആത്മഹത്യക്കുറിപ്പ് എന്ന് സംശയിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.
പെൻഷൻ ലഭിച്ചിട്ട് അഞ്ച് മാസത്തോളമായെന്നും പലരോടും കടം വാങ്ങി മടുത്തുവെന്നും കുറിപ്പിൽ പറയുന്നു. അഞ്ചുമാസത്തെ പെൻഷൻ തന്നില്ലെങ്കിൽ ജീവനൊടുക്കാനാണ് തീരുമാനമെന്നും ജോസഫ് കുറിച്ചിട്ടുണ്ട്. പെൻഷൻ മുടങ്ങിയതിനെ കുറിച്ച് ജോസഫ് നിരന്തരം പരാതി പറഞ്ഞിരുന്നതായി ബന്ധുക്കളും നാട്ടുകാരും പറയുന്നു.
സംഭവത്തിൽ ജോസഫിന്റെ മൃതദേഹവുമായി കലക്ടറേറ്റിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്തരവാദിയെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ജോസഫിന്റെ മൃതദേഹം വൈകിട്ട് നാലുമണിക്ക് മുതുകാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.