കെ.പി.സി.സിക്ക് കീഴിലുളള മാധ്യമ സ്ഥാപനങ്ങളിലടക്കം ഓഡിറ്റിങ് നടത്താന്‍ തീരുമാനം

ഇവയുടെ ചുമതല രാജി വച്ചതിന് പിന്നാലെയാണ് ഓഡിറ്റിങ്ങിന് നീക്കം

Update: 2021-10-01 07:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കെ.പി.സി.സിക്ക് കീഴിലുളള മാധ്യമ സ്ഥാപനങ്ങളിലടക്കം ഓഡിറ്റിങ് നടത്താന്‍ പാർട്ടി തീരുമാനം. രമേശ് ചെന്നിത്തല ഇവയുടെ ചുമതല രാജി വച്ചതിന് പിന്നാലെയാണ് ഓഡിറ്റിങിന് നീക്കം. ചെന്നിത്തലയുടെ രാജി ഇതുവരെ കെ.പി. സി.സി നേതൃത്വം സ്വീകരിച്ചിട്ടില്ല.

മാധ്യമ സ്ഥാപനങ്ങളായ ജയ്ഹിന്ദ്, വീക്ഷണം, ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, കരുണാകരന്‍ ഫൌണ്ടേഷന്‍, പ്രിയദർശിനി പബ്ലിക്കേഷന്‍ തുടങ്ങി പാർട്ടിക്ക് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലാണ് ഓഡിറ്റിങ് നടത്താനുള്ള കെ.പി.സി.സി തീരുമാനം. പല സ്ഥാപനങ്ങളിലായി 35 കോടി രൂപയുടെ ബാധ്യതയുണ്ട്.പലപ്പോഴും പാർട്ടി ഇടപെട്ട് പിരിച്ചു നല്‍കിയ തുക സ്ഥാപനങ്ങള്‍ വകമാറ്റി ചെലവഴിച്ചെന്ന ആരോപണവും നില്‍നില്‍ക്കുന്നു. വിദഗ്ധ സമിതിയെക്കൊണ്ട് കണക്കെടുപ്പ് നടത്താനാണ് കെ.പി.സി.സിയുടെ നീക്കം. ജയ്ഹിന്ദ്, വീക്ഷണം, രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട്, കരുണാകരന്‍ ഫൌണ്ടേഷന്‍ തുടങ്ങിയവയുടെ നടത്തിപ്പ് ചുമതലയില്‍ നിന്ന് രമേശ് ചെന്നിത്തല മെയ് 24 ന് രാജി വച്ചിരുന്നു. തന്‍റെ രാജിയും ഓഡിറ്റിങ്ങും തമ്മില്‍ ബന്ധമില്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വിശദീകരണം.

കെ.പി.സി.സി അധ്യക്ഷപദവിയിലുള്ളവർ വഹിക്കേണ്ട ചുമതലകളാണിതെല്ലാം. അവർ ഏറ്റെടുക്കാതിരുന്നതിന് തുടർന്ന് തുടരുകയായിരുന്നു. പുതിയ നേതൃത്വം വന്നപ്പോള്‍ രാജി നല്‍കിയെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. എന്നാൽ രാജി ഇതുവരെ അംഗീകരിക്കാത്ത കെ.പി.സി.സി നേതൃത്വം ഓഡിറ്റിങ് പൂർത്തിയാകുന്നതിന് കാത്തിരിക്കുകയാണ്. അതിന് ശേഷമായിരിക്കും പുതിയ നേതൃത്വം ചുമതല ഏൽക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News