'ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു'; കേന്ദ്രസര്‍ക്കാരിനെതിരെ ദീപിക
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല
കൊച്ചി: ജബൽപൂരിൽ വൈദികർ ആക്രമിക്കപ്പെട്ടതിൽ ബിജെപിയെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയെയും രൂക്ഷമായി വിമർശിച്ച് കത്തോലിക്കാസഭ മുഖപത്രം ദീപിക.ന്യൂനപക്ഷങ്ങളെ ഹിംസിക്കുന്ന വിധ്വംസക സംഘങ്ങളെ കേന്ദ്രസർക്കാർ കണ്ടില്ലെന്ന് നടിക്കുന്നു. അധികാരത്തിലുള്ള ബിജെപിയാണ് സംഘപരിവാറിന്റെ ബലം. സുരേഷ്ഗോപി മാധ്യമങ്ങള്‍ക്ക് നല്കിയ മുന്നറിയിപ്പ് അക്രമികള്‍ക്കാണ് നല്‍കേണ്ടതെന്നും ദീപികയിലെ മുഖപ്രസംഗത്തിൽ വിമർശിച്ചു.
തിരിച്ചടിക്കില്ലെന്ന് ഉറപ്പുള്ള ക്രൈസ്തവ വിശ്വാസികളെയും പുരോഹിതരെയും തല്ലുന്നതിനോളം എളുപ്പമുള്ള ജോലി വേറെയില്ല. അതെന്തോ വീരകൃത്യമാണെന്നു ധരിക്കുന്ന സംഘപരിവാർ അഴിഞ്ഞാടുമ്പോൾ ജബൽപൂരിലും പൊലീസ് നോക്കിനിൽക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വൈദികരെയും വിശ്വാസികളെയും ബജ്രംഗ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ജബൽപുർ രൂപതയ്ക്കു കീഴിലുള്ള മാണ്ഡല ഇടവകയിലെ ഒരുകൂട്ടം വിശ്വാസികൾ ജൂബിലിയുടെ ഭാഗമായി ജബൽപുരിലെതന്നെ വിവിധ പള്ളികളിലേക്കു തീർഥാടനം നടത്തുന്നതിനിടയിലായിരുന്നു ആക്രമണം. രൂപത വികാരി ജനറാൾ ഫാ. ഡേവിസ് ജോർജും പ്രൊകുറേറ്റർ ഫാ. ജോർജ് തോമസും പൊലീസ് ഉദ്യോഗസ്ഥർക്കു കൺമുന്നിൽ സംഘപരിവാർ ആക്രമണത്തിനിരയായി.
തങ്ങളുടെ മനമറിഞ്ഞു മാത്രം പ്രവർത്തിക്കുന്നത്ര താഴേക്കിടയിലാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെല്ലാം പൊലീസിനെ നിർത്തിയിരിക്കുന്നത്. ജബൽപുരിലെ പൊലീസിനും അതിൽനിന്നു മുക്തിയില്ല. 2017ൽ മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസിനു കരോൾഗാനമാലപിച്ചവരെയും വൈദികരെയും സംഘപരിവാർ ആക്രമിച്ചപ്പോഴും പോലീസ് കാഴ്ചക്കാരായിരുന്നു. കസ്റ്റഡിയിലെടുത്ത വൈദികവിദ്യാർഥികളെയും വൈദികരെയും സംഘപരിവാരങ്ങൾ പൊലീസ് സ്റ്റേഷനുള്ളിൽവച്ച് ആക്രമിക്കുകയും പുറത്ത് അവരുടെ വാഹനം കത്തിക്കുകയും ചെയ്തു.
ജബൽപൂരിലെ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ ഇന്നലെ സുരേഷ് ഗോപി എംപിക്കു സംയമനം നഷ്ടപ്പെടുന്നതു കണ്ടു. അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയ “ബി കെയർഫുൾ” എന്ന മുന്നറിയിപ്പ്, ക്രൈസ്തവർക്കെതിരേ അക്രമം അഴിച്ചുവിടുന്നവർക്കു കൊടുത്തിരുന്നെങ്കിൽ! അന്തർദേശീയ മതസ്വാതന്ത്ര്യ റിപ്പോർട്ടുകൾ ഇന്ത്യയെ തുടർച്ചയായി പ്രതിസ്ഥാനത്തു നിർത്തുന്പോൾ അതിനെ വിദേശരാജ്യങ്ങളുടെ അജണ്ടയാണെന്ന് പറയുന്നതിനു പകരം, തിരുത്തലാണു വേണ്ടത്. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം റിപ്പോർട്ടിനോടും കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ പ്രതികരണം ആ വിധത്തിലായിരുന്നു. രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ജബൽപുരിനെക്കുറിച്ചു പറയുമ്പോഴും സർക്കാർ ഒളിച്ചോടുകയാണെന്ന് മുഖപത്രത്തിൽ പറയുന്നു.