കുതിരാൻ ദേശീയപാതയിലെ വിള്ളൽ; നിർമാണത്തിലെ അപാകതയെന്ന് പ്രോജക്‌ട് ഡയറക്‌ടർ
വിശദമായ പരിശോധന ആവശ്യമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു
പാലക്കാട്: കുതിരാൻ ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ നിർമാണ അപാകതയെന്ന് ദേശീയപാത പ്രോജക്ട് ഡയറക്ടർ. കൽക്കെട്ടിന് മതിയായ ചരിവില്ല. വിശദമായ പരിശോധന ആവശ്യമെന്നും പ്രോജക്ട് ഡയറക്ടർ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് തൃശൂർ - പാലക്കാട് ദേശീയ പാതയിൽ കുതിരാന് സമീപം ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കുതിരാൻ തുരങ്കത്തിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് വരുമ്പോൾ മേൽപ്പാലത്തിലാണ് രണ്ട് മീറ്റർ നീളത്തിൽ വിള്ളൽ ഉണ്ടായിരിക്കുന്നത്. മേൽപ്പാതയുടെ നിർമാണത്തിൽ ഉണ്ടായ അപകതയാണ് ഇതിന് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു.
കോൺക്രീറ്റ് ഭിത്തി നിർമ്മിക്കാതെ കല്ല് കെട്ടി മണ്ണിട്ട് ഉയർത്തിയ മേൽപ്പാതയുടെ വശങ്ങളിൽ വിള്ളൽ വീണ് ഇടിയാനും തുടങ്ങിയിട്ടുണ്ട്. സംഭവസ്ഥലം സന്ദർശിച്ച റവന്യൂ മന്ത്രി കെ രാജൻ 24 മണിക്കൂറിനുള്ളിൽ പ്രൊജക്ട് ഡയറക്ടർ സ്ഥലത്തെത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകിയിരുന്നു. വിള്ളൽ അതീവഗൗരവമുള്ളതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ദേശീയപാത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനമാണ് മന്ത്രി ഉന്നയിച്ചത്.
ദേശീയ പാത അതോറിറ്റിക്കും കരാറുകാരനും ഗുരുതര അലംഭാവവും വീഴ്ചയുമുണ്ടായി. മതിയായ മാനദണ്ഡങ്ങൾ പാലിച്ചല്ല നിർമ്മാണം നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ജില്ലാ കളക്ടറുടെ കളക്ടറുടെ നേതൃത്വത്തിൽ വിദഗ്ധസംഘം പരിശോധന നടത്തി കരാറുകാരന് നോട്ടീസ് നൽകണമെന്നും മന്ത്രി നിർദേശിച്ചിട്ടുണ്ട്. പണി പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് മേൽപ്പാലം തുറന്ന് കൊടുത്തത്.