കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ചത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം: കെ.സി.വേണുഗോപാല്‍ എംപി
പ്രദക്ഷിണം തടഞ്ഞതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ചു


കൊല്ലം: ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയിലെ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസിന്റെ നടപടി ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി.
കഴിഞ്ഞ 15 വര്‍ഷമായി സമാധാനപരമായി ഈ പ്രദക്ഷിണം നടക്കുന്നു. ഈ വര്‍ഷം തടയാനുള്ള കാരണം എന്താണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയെ ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 26ന്റെ നഗ്നമായ ലംഘനമാണിത്. ഈ വിഷയത്തില്‍ ശക്തമായ നടപടി കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വഖഫ് ബില്ലിലൂടെ ഒരു ഭാഗത്ത് മുസ്‌ലിംകള്‍ക്കെതിരെ തിരിയുന്നു. അതിന് പിന്നാലെ ക്രൈസ്തവര്‍ക്കെതിരെയും പിന്നീട് സിഖ് സഹോദരന്‍മാര്‍ക്കെതിരെയും ജൈനമത വിശ്വാസികള്‍ക്കെതിരെയും തിരിയുമെന്ന് ഞങ്ങള്‍ ആദ്യമേ വ്യക്തമാക്കിയതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന സംഘ്പരിവാര്‍ അജണ്ടയാണിത്. വഖഫ് ബില്ല് പാസ്സാക്കിയതിന് തൊട്ടടുത്ത ദിവസം കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം ആര്‍എസ്എസ് വാരിക പ്രസിദ്ധീകരിച്ചു. ക്യാപ്‌സൂളുകളായി ക്രൈസ്തവ സ്‌നേഹം വിളമ്പുന്ന സംഘ്പരിവാറിന്റെ തനിനിറം വ്യക്തമായെന്നും വേണുഗോപാല്‍ പറഞ്ഞു.
ക്രൈസ്തവ വിശ്വാസികളുടെ വിശുദ്ധവാരവുമായി ബന്ധപ്പെട്ട് ഓശാന ഞായര്‍ എന്നത് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ ദിവസം നടന്ന ഒരു പ്രദക്ഷിണത്തെ തടഞ്ഞിട്ട് ബിജെപി ഭരണകൂടം എന്ത് നേടി. പ്രദക്ഷിണം നടത്താനെത്തിയവര്‍ അക്രമകാരികളോ കലാപകാരികളോയല്ല. എന്നിട്ടും കുരുത്തോല പ്രദക്ഷിണം തടയാനുള്ള ചേതോവികാരം മനസിനകത്തെ വികലതയാണെന്നും കെ.സി.വേണുഗോപാല്‍ കൂട്ടിച്ചേർത്തു.