മുട്ടിൽ മരംമുറി: ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി

വനംമന്ത്രി എ.കെ ശശീന്ദ്രന്‍റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം.

Update: 2021-06-11 15:22 GMT
Editor : Suhail | By : Web Desk
Advertising

മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണ സംഘത്തിലേക്ക് ഡി.എഫ്.ഒ ധനേഷ് കുമാറിനെ വീണ്ടും ഉൾപ്പെടുത്തി. ഉത്തര മേഖലയിലെ അന്വേഷണത്തിന്റെ പൂർണ ചുമതലയോടെയാണ് നിയമനം. വനം മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. അന്വേഷണത്തില്‍ നിന്ന് ഡി.എഫ്.ഒയെ മാറ്റിയത് വലിയ വിവാദത്തിന് കാരണമായിരുന്നു.

കോഴിക്കോട് ഫ്ലയിം​ഗ് സ്ക്വാ​‍ഡ് ‍ഡി.എഫ്.ഒ ധനേഷ് കുമാറിനെ സംസ്ഥാന വ്യാപകമായി മരംമുറി അന്വേഷിക്കുന്നതിന്റെ ഭാ​ഗമായി തൃശൂർ, എറണാകുളം ജില്ലയുടെ അന്വേഷണ ചുമതല നൽകി ആദ്യം നിയമിച്ചിരുന്നു. മരംമുറി അന്വേഷിക്കാൻ നിയോ​ഗിച്ച അഞ്ച് സംഘത്തിൽ ഒരു സംഘത്തിന്റെ തലവൻ ധനേഷ് കുമാറായിരുന്നു. എന്നാൽ വനം വകുപ്പിന്റെ ഉന്നതതലത്തിൽ നിന്നുള്ള ഇടപെടലിനെ തുടർന്ന് ഇന്ന് പൊടുന്നനെയാണ് ഇദ്ദേഹത്തെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്.

മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു ധനേഷ് കുമാർ. അന്വേഷണ സംഘത്തിൽ നിന്ന് ധനേഷ് കുമാറിനെ മാറ്റിയത് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. തുടർന്നാണ് വനംമന്ത്രി നേരിട്ട് ഇടപെട്ടത്. ഉത്തരമേഖല അന്വേഷണത്തിന്റെ പൂർണ ചുമതലയോടെയാണ് ഡി.എഫ്.ഒയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News