പി.എഫ്.ഐ നിരോധനം: ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ഡിജിപി; ഓഫിസുകൾ പൂട്ടുന്നു

തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗവും നടക്കുന്നുണ്ട്.

Update: 2022-09-29 07:24 GMT
Advertising

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട തുടർ നടപടികൾക്കായി ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ച് ഡി.ജി.പി അനിൽകാന്ത്. ഓൺലൈനായാണ് യോഗം. നിരോധനം സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ ഇനിയുള്ള നടപടികൾ വിശദീകരിക്കാനാണ് യോ​ഗം.

തിരുവനന്തപുരത്ത് ജില്ലാ കലക്ടര്‍മാരുടേയും വകുപ്പ് മേധാവികളുടേയും യോഗവും നടക്കുന്നുണ്ട്. ഇതില്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എ.ഡി.ജി.പി വിജയ് സാക്കറെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയാണ് ഡി.ജി.പിയും യോ​ഗം വിളിച്ചത്. എന്നാൽ കലക്ടമാരുടെ യോ​ഗത്തിലെ ഒരു സെഷനിൽ ഡി.ജി.പിക്ക് പങ്കെടുക്കാനുള്ളതിനാൽ ഇത് കഴിഞ്ഞായിരിക്കും ഓൺലൈൻ യോ​ഗം.

അതേസമയം, പി.എഫ്.ഐ ഓഫീസുകള്‍ പലതും അവരുടെ പേരിലല്ല പ്രവര്‍ത്തിക്കുന്നതും മറ്റു പല പേരിലുമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഓഫീസുകള്‍ അടയ്ക്കുമ്പോള്‍ പ്രതിഷേധം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം. ഇതിനിടെ പോപുലർ ഫ്രണ്ടിന്റെ ഓഫിസുകൾ പൂട്ടാനുള്ള നിര്‍ദേശവും സർക്കാർ നല്‍കിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ പൊലീസ് ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കോഴിക്കോട് സംസ്ഥാന സമിതി ഓഫിസിനെ കൂടാതെ ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍കോട്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി ഓഫീസുകളാണ് ആദ്യം പൂട്ടുന്നത്.

നിരോധനവുമായി ബന്ധപ്പെട്ട തുടർനടപടികൾക്കുള്ള അധികാരം കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറങ്ങിയിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറി ഡോ. വേണു വി ഐ.എ.എസാണ് ഉത്തരവിറക്കിയത്. യു.എ.പി.എ സെക്ഷൻ 7, 8 പ്രകാരമാണ് ഉത്തരവ്.

പി.എഫ്.ഐ ഓഫീസുകള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കുള്ള അധികാരമാണ് കലക്ടര്‍മാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നല്‍കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ് പൂർണമായും നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. ഒപ്പം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്ന നടപടികളും ഉണ്ടാകും.

ഇന്നലെ രാവിലെയാണ് പോപുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടൊപ്പം കാംപസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട്, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചിട്ടുണ്ട്.

രണ്ട് ദിവസങ്ങളിലായി രാജ്യവ്യാപക റെയ്ഡ് നടത്തി സംസ്ഥാന- ദേശീയ- ജില്ലാ-പ്രാദേശിക നേതൃത്വങ്ങളെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു നിരോധനം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News