പി. വിജയൻ ഐപിഎസിനെതിരായ വ്യാജ മൊഴി; എം.ആർ അജിത് കുമാറിനെതിരെ കേസ് എടുക്കാമെന്ന് ഡിജിപി
ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി


തിരുവനന്തപുരം: പി. വിജയൻ ഐപിഎസിന് എതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ ADGP എം.ആർ അജത് കുമാറിന് എതിരെ കേസ് എടുക്കാമെന്ന് പൊലീസ് മേധാവി. സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രിമിനൽ, സിവിൽ വകുപ്പുകൾ ചേർത്ത് കേസ് എടുക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഗുരുതരമായ ക്രിമിനൽ കുറ്റത്തിൽ തെറ്റായ മൊഴി നൽകിയെന്നും തെറ്റായ മൊഴി ഒപ്പിട്ടും നൽകിയെന്നും ഇത് ക്രിമിനൽ കുറ്റമാണെന്നും ഡിജിപി വ്യക്തമാക്കി.
പി. വിജയന് സ്വർണ്ണകടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് ADGP മൊഴി നൽകിയത്. മുൻ മലപ്പുറം എസ്പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാർ പറഞ്ഞിരുന്നു. എന്നാൽ സുജിത് ദാസ് ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പി വിജയൻ ഡിജിപിക്ക് പരാതി നൽകുകയായിരുന്നു. അജിത് കുമാർ നൽകിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതോടെ കേസെടുക്കാൻ പൊലീസ് മേധാവി ശുപാർശ ചെയ്യുകയായിരുന്നു.
സ്വർണ്ണക്കടത്തുമായി എം.ആർ അജത് കുമാറിന് ബന്ധമുണ്ടെന്ന് പിവി അൻവർ ആരോപണം ഉന്നയിച്ചതുമായി ബന്ധപ്പെട്ടാണ് പി. വിജയൻറെ പേര് അജിത്കുമാർ ഉയർത്തിയത്. ഇത് വാസ്തവിരുദ്ധമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.