കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് പേടിപ്പിക്കാൻ: പ്രതി അഭിഷേക് ബൈജു
രണ്ടു വർഷമായി പ്രണയത്തിലായിരുന്ന തന്നോട് അടുത്തിടെ അകൽച്ച കാണിച്ചതാണെന്ന് അനിഷ്ടമുണ്ടാകാൻ കാരണമെന്നും പ്രതി
പാലായിൽ കോളേജ് വിദ്യാർഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ആയുധം കൊണ്ടുവന്നത് കൈഞരമ്പ് മുറിച്ച് പേടിപ്പിക്കാനാണെന്നും പ്രതി അഭിഷേക് ബൈജു.
രണ്ടും വർഷമായി പ്രണയത്തിലായിരുന്ന തന്നോട് അടുത്തിടെ അകൽച്ച കാണിച്ചതാണെന്ന് അനിഷ്ടമുണ്ടാകാൻ കാരണമെന്നും പ്രതി പറഞ്ഞു.
കോട്ടയം പാലായിൽ കോളേജ് വിദ്യാർഥിനി വൈക്കം സ്വദേശി നിധിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ സഹപാഠി അഭിഷേക് ബൈജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ബിവോക് മൂന്നാം വർഷ വിദ്യാർഥികളായ ഇവർ കോഴ്‌സ് കഴിഞ്ഞവരാണ്, പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
അഭിഷേകും നിധിനയും തമ്മിൽ നേരത്തേ പ്രശ്‌നങ്ങളുണ്ടായിരുന്നതായും, അത് സംസാരിച്ച് പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരീക്ഷ കഴിഞ്ഞ് ഒരേ സമയം ഇറങ്ങിയതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. നിധിനക്ക് 22 വയസും അഭിഷേകിന് 20 വയസുമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ വീട്ടിൽ ഇതുകൊണ്ട് കല്യാണത്തിന് സമ്മതിക്കില്ലെന്ന പേടി അഭിഷേകിനെ അലട്ടിയിരുന്നു. ഇതിന്റെ പേരിലായിരുന്നു ഇരുവരും തമ്മിലുള്ള വാക്കുതർക്കം. ഇക്കാര്യം സംസാരിച്ച് പരിഹരിക്കാൻ വന്നതോടെ അഭിഷേക് പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കൈയ്യിൽ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ചാണ് അഭിഷേക് നിധിനയുടെ കഴുത്ത് അറുത്തത്.
നേരത്തെ പ്രതി കൈവശപ്പെടുത്തിയ തന്റെ ഫോൺ വാങ്ങാനാണ് പെൺകുട്ടിയെത്തിയതെന്നും വിവരമുണ്ട്.
സംഭവം ആസൂത്രിതമാണെന്നാണ് പ്രിൻസിപ്പാൾ ഡോ. ജയിംസ് ജോൺ മംഗലത്ത് പറയുന്നത്. സെക്യൂരിറ്റി ജീവനക്കാരൻ വിളിച്ചറിയച്ചപ്പോഴാണ് സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 11.22 നാണ് താൻ സംഭവം അറിഞ്ഞതെന്നും നേരത്തെ പരീക്ഷയെഴുതി ഇറങ്ങിയ പ്രതി കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്തെങ്കിലും ഭീഷണിയുള്ളതായി അറിയില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മാവൻ പറഞ്ഞു. തന്റെ മോനും ഇതേ കോളജിലാണ് പഠിക്കുന്നതെന്നും പ്രശ്‌നങ്ങളുണ്ടായിരുന്നതായി പെൺകുട്ടിയോ അമ്മയോ പറഞ്ഞിരുന്നില്ലെന്നും എല്ലാ കാര്യങ്ങളും അറിയിക്കാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.