ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; ചോദ്യം ചെയ്തത് 9 മണിക്കൂർ
സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. 9 മണിക്കൂറോളമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളായി ചോദ്യംചെയ്യൽ തുടരുകയായിരുന്നു.
ചോദ്യം ചെയ്യലിനായി ഉച്ചയോടെ ബാലചന്ദ്രകുമാർ ആലുവ പൊലീസ് ക്ലബ്ബിൽ എത്തിയിരുന്നു. ദിലീപ് പറയുന്ന ചില മൊഴികളിൽ വൈരുദ്യമുണ്ട്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് രണ്ട് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്. ബാലചന്ദ്ര കുമാറിനോട് നേരത്തെ തന്നെ ക്രൈംബ്രാഞ്ച് എരണാകുളത്തേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് അദ്ദേഹം പൊലീസ് ക്ലബിൽ എത്തിയത്. രാവിലെ പത്തരയോടെ തന്നെ ദിലീപിന്‍റെ ചോദ്യം ചെയ്യല്‍ ആരംഭിച്ചിരുന്നു.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾ ദിലീപ് നിഷേധിച്ചിരുന്നു. എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി.എസ് ശ്രീജിത്ത് അറിയിച്ചിരുന്നു. ബാലചന്ദ്രകുമാറിൻറെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപ് ക്രൈംബ്രാഞ്ചിൻറെ ചോദ്യങ്ങൾ നേരിടുന്നത്. തുടരന്വേഷണം പ്രഖ്യാപിച്ച് മൂന്ന് മാസത്തിന് ശേഷമാണ് ദിലീപ് വീണ്ടും ചോദ്യം ചെയ്യലിന് വിധേയനാവുന്നത്. ചോദ്യാവലി തയ്യാറാക്കിയാണ് ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഏപ്രിൽ 15 വരെയാണ് നടിയെ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് കോടതി നൽകിയ സമയം. ഇതിനുള്ളിൽ പരമാവധി പേരെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.