ടി.പി കേസ് പ്രതികൾ കിടക്കുന്ന ജയിലിൽ അൻവറിനെ അപായപ്പെടുത്തുമോ എന്നാശങ്ക: ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്
ആശങ്ക കോടതിയെ അറിയിക്കുമെന്നും ഹംസ
മലപ്പുറം: പി.വി. അൻവറിനെ തവനൂർ ജയിലിലേക്ക് അയച്ചതിൽ ആശങ്കയെന്ന് ഡിഎംകെ കോർഡിനേറ്റർ ഹംസ പറക്കാട്ട്. ടി.പി കേസ് പ്രതികൾ കിടക്കുന്ന ജയിലിൽ അൻവറിനെ അപായപ്പെടുത്തുമോ എന്ന് ആശങ്കയുണ്ട്. ആശങ്ക കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ അന്‍വറിന്‍റെ അറസ്റ്റിനെ ന്യായീകരിച്ച് എന്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ രംഗത്തെത്തി. ഇത്തരം കാര്യങ്ങളിൽ സഡൻ ആക്ഷനാണ് വേണ്ടത്. അറസ്റ്റ് നിയമം അനുസരിച്ച് മാത്രമാണ്. അൻവറിന് മാധ്യമങ്ങൾ താരപരിവേഷം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എംഎൽഎ ഇന്ന് ജാമ്യാപേക്ഷ നൽകും. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അൻവറിനെ രാത്രി 2.15 ഓടെയാണ് ജയിലിലേക്ക് മാറ്റിയത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അൻവറിനെ അറസ്റ്റ് ചെയ്തത്.കേസിൽ പി.വി.അൻവർ ഒന്നാം പ്രതിയാണ്. അൻവറുൾപ്പെടെ 11 പ്രതികളാണുള്ളത്. അൻവറിനോടൊപ്പം അറസ്റ്റിലായ മറ്റു 4 പ്രതികളെയും റിമാൻഡ് ചെയ്തിരുന്നു.