ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയ്ക്ക് കുഞ്ഞിന്‍റെ സാമ്പിൾ ശേഖരിച്ചു
ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് അനുപമ
അമ്മയറിയാതെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ കേസിൽ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ തുടങ്ങി. കുഞ്ഞിന്‍റെ സാമ്പിളാണ് ആദ്യം ശേഖരിച്ചത്. കേസിൽ പരാതിക്കാരായ അനുപമയും അജിത്തും ഇന്ന് സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാകും. കുഞ്ഞിനെ കാണാൻ അനുവദിക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു.
കുഞ്ഞിന്‍റെയും തന്‍റെയും ഡിഎൻഎ പരിശോധന ഒരുമിച്ചാക്കണമെന്ന് അനുപമ ആവശ്യപ്പെട്ടു. കുഞ്ഞിനെ കാണാന്‍ ഇതുവരെ സമ്മതിച്ചില്ല. ഡിഎന്‍എ പരിശോധനയ്ക്ക് മുന്‍പ് കുഞ്ഞിനെ കാണണം. തന്‍റെ കുഞ്ഞിനെ തന്നെ പരിശോധനയ്ക്ക് എത്തിക്കുമെന്ന് എന്താണ് ഉറപ്പ്? ഇത്രയും ചെയ്തവർക്ക് പരിശോധനയിൽ തിരിമറി നടത്താനാവും. വ്യക്തിവൈരാഗ്യം കൊണ്ടാണ് പരിശോധന വൈകിപ്പിക്കുന്നതെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു.
ആന്ധ്ര പ്രദേശിൽ നിന്ന് ഏറ്റുവാങ്ങിയ കുഞ്ഞിനെ ഇന്നലെ രാത്രി എട്ടരയോടെ തിരുവനന്തപുരത്ത് എത്തിച്ചു. ശിശുക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥയും പൊലീസുകാരും അടങ്ങുന്ന നാലംഗ സംഘമാണ് കുഞ്ഞുമായി എത്തിയത്. നിർമല ശിശുഭവനിൽ കുഞ്ഞിനു സംരക്ഷണം ഒരുക്കി. കുഞ്ഞിനെ ആന്ധ്രാ ദമ്പതികളിൽ നിന്നും എത്തിച്ചെന്ന റിപ്പോർട്ട് ശിശുക്ഷേമ സമിതിയും വൈദ്യ പരിശോധനാ റിപ്പോർട്ട് ചെൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് സമർപ്പിക്കും.
എന്നാല്‍ ഡിഎന്‍എ പരിശോധന സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചില്ലെന്ന് അനുപമ പറഞ്ഞു. ഈ മാസം 30ന് കോടതി വീണ്ടും കേസ് പരിഗണിക്കും. ഇതിന് മുൻപായി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഡിഎൻഎ പരിശോധനാഫലം അടക്കമുള്ള അന്തിമ റിപ്പോർട്ടുകൾ സമർപ്പിക്കേണ്ടതുണ്ട്.