വൈദ്യനെ കൊന്ന് പുഴയിൽ തള്ളിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈബിൻ കുടുങ്ങിയത്
Update: 2022-05-11 04:17 GMT
മലപ്പുറം: ഒറ്റമൂലിയുടെ കൂട്ട് വെളിപ്പെടുത്താത്തതിന് പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയ കേസില്‍ മുഖ്യപ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. നിലമ്പൂര്‍ കൈപ്പഞ്ചേരി സ്വദേശി ഷൈബിനാണ് മുഖ്യപ്രതി. സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യാ ശ്രമം നടത്തിയ കേസിലെ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷൈബിൻ കുടുങ്ങിയത്.
മൈസൂര്‍ സ്വദേശിയായ പാരമ്പര്യ വൈദ്യൻ ഷാബാ ശെരീഫിനെയാണ് ഷൈബിനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി ആഡംബര കാറിൽ കയറ്റി ചാലിയാർ പുഴയിലേക്ക് എറിഞ്ഞതായാണ് പൊലീസിന്‍റെ കണ്ടെത്തല്‍. കൊലപാതകം സംബന്ധിച്ച് മലപ്പുറം എസ്.പി ഇന്ന് വാർത്താ സമ്മേളനം നടത്തും.