'തെറ്റായ പ്രസ്ഥാനത്തെ തിരുത്താൻ ശ്രമിച്ചു'; കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ്

യഹോവ സാക്ഷികൾ രാജ്യദ്രോഹികളെന്നും, ആരെങ്കിലും അവരെ തിരുത്തണം എന്ന് മനസ്സിലാക്കിയാണ് സ്‌ഫോടനം നടത്തിയതെന്നും മാർട്ടിൻ

Update: 2023-10-29 13:05 GMT
Advertising

കളമശ്ശേരി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത്  തൃശൂരിൽ കീഴടങ്ങിയ ഡൊമിനിക് മാർട്ടിന്റെ ഫേസ്ബുക്ക് ലൈവ്. തെറ്റായ പ്രസ്ഥാനത്തെ തിരുത്താനാണ് താൻ ശ്രമിച്ചതെന്നും ആറു വർഷം മുമ്പ് തനിക്ക് തിരിച്ചറിവുണ്ടായെന്നുമാണ് ഇയാൾ ലൈവിൽ പറയുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ഈ അക്കൗണ്ട് പൊടുന്നനെ അപ്രത്യക്ഷമായി. ഈ പേജ് നിലവിൽ ലഭ്യമല്ല

മൂന്ന് മണിക്കൂർ മുമ്പായിരുന്നു ലൈവ്. ലൈവിൽ പറയുന്ന കാര്യങ്ങൾ സത്യമാണോ എന്നും ഇതേ മാർട്ടിൻ തന്നെയാണോ കീഴടങ്ങിയതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കളമശ്ശേരിയിൽ നടന്ന സ്‌ഫോടനത്തിന്റെ പൂർണ ഉത്തരവാദിത്തമേറ്റെടുക്കുന്നു എന്ന് പറഞ്ഞാണ് മാർട്ടിന്റെ ലൈവ് തുടങ്ങുന്നത്. എന്തിനാണ് അത് ചെയ്തത് എന്ന് ബോധ്യപ്പെടുത്താനാണ് ലൈവ്എന്നാണ് പിന്നീടുള്ള വിശദീകരണം

ഫേസ്ബുക്ക് ലൈവിലെ പ്രസക്ത ഭാഗങ്ങൾ;

"പതിനാറ് വർഷത്തോളം പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന ആളാണ് ഞാൻ. അന്നൊന്നും ഇതിലെ കാര്യങ്ങളൊന്നും തന്നെ ഞാൻ സീരിയസായി എടുത്തിരുന്നില്ല. എല്ലാം ഒരു തമാശയായിരുന്നു. എന്നാൽ ഒരു ആറു വർഷം മുമ്പ് ഇതിലെ തെറ്റുകൾ ഞാൻ തിരിച്ചറിയാൻ തുടങ്ങി. യഹോവ സാക്ഷികൾ എന്നത് വളരെ തെറ്റായ ഒരു പ്രസ്ഥാനമാണെന്നും ഇതിൽ പഠിപ്പിക്കുന്നതൊക്കെ രാജ്യദ്രോഹപരമായ കാര്യങ്ങളാണെന്നും ഞാൻ മനസ്സിലാക്കിയത് അപ്പോഴാണ്. ആ തെറ്റുകൾ തിരുത്തണമെന്ന് പലവട്ടം അവരോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ആരും അത് കണക്കിലെടുക്കാൻ കൂട്ടാക്കിയില്ല".

ഒരു രാജ്യത്ത് ജീവിച്ച് ആ രാജ്യത്തെ ജനങ്ങളെ മുഴുവൻ മോശക്കാരാക്കി, അവരെ നശിച്ചു പോകുന്ന സമൂഹമെന്ന് വിളിച്ച് അവരുടെ കൂടെ കൂടരുതെന്നും ഭക്ഷണം കഴിക്കരുതെന്നുമൊക്കെ പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനമാണിത്. അതെനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.

നാലു വയസ്സുള്ള കുട്ടിയോട് അവർ പറയുന്നത് മറ്റ് കുട്ടികളുടെ അടുത്ത് നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്നാണ്... ദേശീയഗാനം പാടരുതെന്നാണ്... ഇത്ര ചെറുപ്പത്തിലേ ഇത്രയധികം വിഷമാണ് കുട്ടികളുടെ മനസ്സിലിവർ കുത്തി വയ്ക്കുന്നത്. വോട്ട് ചെയ്യരുത്, മിലിട്ടറി സർവ്വീസിൽ ചേരരുത്, സർക്കാർ ജോലിക്ക് പോകരുത് എന്നു വേണ്ട ടീച്ചറാകാൻ പോലും പ്രസ്ഥാനത്തിലെ അംഗങ്ങൾക്ക് അനുവാദമില്ല. ഇതെല്ലാം നശിച്ചു പോകാനുള്ളവരുടെ പണിയാണെന്നാണ് വാദം.

വിശ്വാസം ഒരു തെറ്റൊന്നുമല്ല. പക്ഷേ ഭൂമിയിലെ എല്ലാവരും നശിച്ചു പോകും നമ്മൾ മാത്രം ജീവിക്കും എന്നാണ് ഈ സഭ പഠിപ്പിക്കുന്നത്. 850കോടി ജനങ്ങളുടെ നാശം ആഗ്രഹിക്കുന്ന ഒരു ജനവിഭാഗത്തെ എന്താണ് ചെയ്യുക? ഇതിനെതിരെ പ്രതികരിച്ചേ പറ്റൂ.

ഈ പ്രസ്ഥാനം രാജ്യത്തിന് അപകടകരമാണെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുക്കേണ്ടി വന്നത്. ഒരു രാഷ്ട്രീയപ്പാർട്ടിയും ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടില്ല. മതമെന്നാൽ പേടിയാണവർക്ക്. ഇതുപോലെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ അവർ കണ്ണടയ്ക്കുന്നത് കൊണ്ടാണ് എന്നെപ്പോലെയുള്ളവർക്ക് ജീവൻ ബലി കൊടുക്കേണ്ടി വരുന്നത്. സഹജീവികളെ വേശ്യ എന്ന് വിളിക്കുന്ന ചിന്താഗതി എത്രമാത്രം അധപതിച്ചതാണ്. ഇതൊക്കെ തെറ്റാണെന്ന് അവർക്ക് ബോധ്യപ്പെടണമെങ്കിൽ ആരെങ്കിലുമൊക്കെ പ്രതികരിച്ചേ മതിയാകൂ...

Full View

മറ്റുള്ളവരെ ബഹുമാനിക്കണം, സ്‌നേഹിക്കണം എന്നൊക്കെ അവർ ലഘുലേഘകളിൽ പറയും... എന്നാൽ അതൊക്കെയും എന്തെങ്കിലും കേസ് വരുമ്പോൾ വാദിക്കാനുള്ള തെളിവ് മാത്രമാണ്. പ്രളയത്തിന്റെ സമയത്ത് യഹോവ സാക്ഷികളുടെ വീട് മാത്രം നോക്കി വൃത്തിയാക്കാൻ മുന്നിട്ട് നിന്നവരാണിവർ.

ഈ തെറ്റായ ആശയം അവസാനിപ്പിച്ചേ പറ്റൂ എന്ന് വളരെ ചിന്തിച്ചുറപ്പിച്ച ശേഷമാണ് ഞാനിങ്ങനെ ഒരു തീരുമാനമെടുത്തത്. നിങ്ങളെങ്ങനെയും വിശ്വസിച്ചോളൂ... എന്നാൽ അന്നം തരുന്ന നാട്ടിലെ ജനങ്ങളെ വേശ്യാ സമൂഹമെന്ന് വിളിക്കുന്ന ചിന്താഗതി ഈ നാട്ടിൽ വേണ്ട. ആ വിശ്വാസം ഒരിക്കലും വളർത്താനാവില്ല. ഈ പ്രസ്ഥാവന ഈ നാട്ടിൽ ആവശ്യമില്ല എന്ന് മനസ്സിലാക്കിയിട്ടാണ് ഇത്തരമൊരു തീരുമാനം".

താൻ പൊലീസിൽ കീഴടങ്ങാൻ പോവുകയാണെന്നും തന്നെയാരും അന്വേഷിച്ച് വരേണ്ടെന്നും പറഞ്ഞാണ് മാർട്ടിൻ ലൈവ് അവസാനിപ്പിക്കുന്നത്. സ്‌ഫോടനത്തിന്റെ രീതി മാധ്യമങ്ങൾ വെളിപ്പെടുത്തരുതെന്നും ഇത് വലിയ വിപത്ത് സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ലൈവിനൊടുവിൽ ഇയാൾ നൽകുന്നുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News