കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരച്ച് ജയ്‌ശ്രീറാം വിളി; കോഴിക്കോട് എൻഐടിയിൽ പ്രതിഷേധം
എസ്എൻഎസ് എന്ന ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
കോഴിക്കോട്: സംഘ്പരിവാർ അനുകൂല പ്രദർശനത്തിനെതിരെ കോഴിക്കോട് എൻഐടിയിൽ വിദ്യാർഥി പ്രതിഷേധം. എസ്എൻഎസ് എന്ന ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഭൂപടം വരച്ച് മുദ്രാവാക്യം വിളിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ഇന്നലെ രാത്രി എസ്എൻഎസ് ക്ലബിലെ വിദ്യാർഥികൾ കാവിനിറത്തിൽ ഇന്ത്യയുടെ ഭൂപടം വരക്കുകയും അതിൽ ശ്രീരാമന്റെ പ്രതീകാത്മക ചിത്രം ഉൾപ്പെടുത്തി മുദ്രാവാക്യം വിളിക്കുകയും ചെയ്തുകൊണ്ട് പ്രകോപനം സൃഷ്ടിച്ചിരുന്നു. തുടർന്ന്, എൻഐടിയിലെ ഒരു വിദ്യാർത്ഥിയാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. 'ഇന്ത്യ രാമരാജ്യമല്ല' എന്ന പോസ്റ്റർ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
ഇത് ചോദ്യം ചെയ്ത എസ്എൻഎസ് ക്ലബ് അംഗങ്ങൾ പ്രതിഷേധിച്ച വിദ്യാർത്ഥിയെ മർദിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ വിദ്യാർഥികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇന്ത്യയുടെ മതേതര സംസ്കാരത്തിന് എതിരായ പരിപാടികൾ സംഘടിപ്പിക്കുന്നത് ശരിയല്ലെന്നും അത് അനുവദിക്കില്ലെന്നും പ്രതിഷേധകർ ആഹ്വാനം ചെയ്തു. തുടർന്ന് ജയ് ശ്രീറാം വിളികളുമായി എസ്എൻഎസ് അംഗങ്ങൾ രംഗത്തുവന്നു.
കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി വിദ്യാർത്ഥികളെ പിരിച്ചുവിട്ടു. എന്നാൽ, എസ്എൻഎസ് അംഗങ്ങളെ പിരിച്ചുവിടാനോ പോസ്റ്റർ നീക്കം ചെയ്യാനോ കോളേജ് അധികൃതർ തയ്യാറായില്ലെന്നും അധികൃതർ സംഘ്പരിവാർ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നുമാണ് മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ ആരോപണം.