ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്; അഞ്ച് വര്‍ഷത്തിനിടെ അപകടങ്ങളുടെ എണ്ണം കൂടി, പൊലിഞ്ഞത് 73 പേരുടെ ജീവന്‍
തിരുവനന്തപുരവും എറണാകുളവുമാണ് വാഹനാപകടങ്ങളില്‍ മുന്നില്‍


തിരുവനന്തപുരം സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മദ്യമോ മറ്റ് ലഹരിവസ്തുക്കളോ ഉപയോഗിച്ചതിന് ശേഷം വാഹനമോടിച്ചതു വഴിയുണ്ടായ അപകടങ്ങളുടെ എണ്ണം കൂടുതലെന്ന് റിപ്പോര്‍ട്ട്. 73 പേരുടെ ജീവനാണ് ഇത്തരം അപകടങ്ങളില്‍ പൊലിഞ്ഞത്.ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് പിടിവീണവരുടെ ലിസ്റ്റും വളരെ നീണ്ടതാണ്.
2021 മുതല്‍ ഈ വര്‍ഷം മാര്‍ച്ച് 14 വരെയുള്ള ഗതാഗത വകുപ്പിന്റെ കണക്കുകളാണ് ഇത്. 2021ല്‍ ലഹരി ഉപയോഗം കാരണമുണ്ടായ അപകടം 68ആണ്. അടുത്ത വര്‍ഷങ്ങളില്‍ ഇത് വളരെ കൂടി. 2022ല്‍ 165 അപകടം. 2023ല്‍ അത് 200 ലെത്തി. കഴിഞ്ഞ വര്‍ഷം 174 അപകമുണ്ടായി.
തിരുവനന്തപുരം നഗരവും എറണാകുളം നഗരവുമാണ് ലഹരിയുപയോഗ വാഹനാപകടങ്ങളില്‍ മുന്നില്‍. ഇതുവരെ മരണം 73. 2022ലാണ് മരണസംഖ്യ കൂടിയത്. 24 പേര്‍ക്ക് ആ വര്‍ഷം ജീവന്‍ നഷ്ടപ്പെട്ടു.കഴിഞ്ഞ അഞ്ച് വര്‍ഷം ലഹരിയുപയോഗിച്ച് വാഹനമോടിച്ചതിന് പിടിക്കപ്പെട്ടവരുടെ എണ്ണം മൂന്നര ലക്ഷത്തിന് മുകളിലാണ്.
കൊല്ലം റൂറല്‍ മേഖലയിലാണ് പിടിക്കപ്പെട്ടവര്‍ കൂടുതല്‍. ഇതുവരെ 41,117 പേര്‍. തൊട്ടടുത്ത് എറണാകുളം സിറ്റിയാണ്. 41,108. ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിന് ഏറ്റവും കുറച്ചു പേര്‍ പിടിയിലായത് കണ്ണൂര്‍ റൂറലിലാണ്. ഇവിടെ 5 വര്‍ഷത്തിനിടെ പിടിക്കപ്പെട്ടത് 2125 പേര്‍ മാത്രം.
ലഹരി ഉപയോഗിച്ച് വാഹനമോടിച്ചാല്‍ പിഴ 10,000 രൂപയോ 6 മാസം തടവ് ശിക്ഷയോ ആണ്. വീണ്ടും പിടിക്കപ്പെട്ടാല്‍ 15,000 രൂപയോ 2 വര്‍ഷം തടവോ ലഭിക്കും. ലഹരിക്കെതിരെ വ്യാപക ക്യാമ്പയിൻ നടക്കുമ്പോള്‍ ഇത് ഉപയോഗിച്ച് വാഹനമോടിക്കുന്നതിനും തടയിടേണ്ടതുണ്ട്.