കെ. സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകും: ഡി.വൈ.എഫ്.ഐ
''നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽനിന്ന കെ. സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകിക്കൊണ്ടാണ്.''
തിരുവനന്തപുരം: കെ. സുധാകരന്റെ അധമഭാഷണത്തിന് തൃക്കാക്കരക്കാർ മറുപടി നൽകുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുഖ്യമന്ത്രിയെ ചങ്ങല പൊട്ടിച്ച പട്ടിയോട് ഉപമിച്ച കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകൾ സാമാന്യമര്യാദ തൊട്ടുതീണ്ടാത്ത മനുഷ്യാധമന്റെ ഭാഷയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
''ചിന്തൻ ശിബിരത്തിൽവച്ച് അസഭ്യവർഷത്തിനുള്ള ഉപരിപഠനമാണോ സുധാകരന് കിട്ടിയതെന്ന് സംശയിക്കണം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കുന്ന ജനപിന്തുണയിൽ ഹാലിളകിയ സുധാകരന്റെ നിലവിട്ട പ്രതികരണമാണ് പുറത്തുവന്നത്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ നവകേരള സൃഷ്ടിക്ക് ചുക്കാൻപിടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണ പ്രവർത്തനങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് കോൺഗ്രസ് നേതൃത്വത്തെ വിറളിപിടിപ്പിക്കുന്നുണ്ട്. ജനാധിപത്യത്തിൽ മുഖ്യമന്ത്രിയോളം തന്നെ പ്രാധാന്യമുള്ള പ്രതിപക്ഷ നേതാവ് തൃക്കാക്കരയിൽ തമ്പടിച്ചതുകണ്ട് കെ. സുധാകരൻ വി.ഡി സതീശന് ഏത് മൃഗത്തിന്റെ ഉപമയാണ് ചാർത്തിനൽകാൻ പോകുന്നതെന്നുകൂടി പറയണം.''
തൃക്കാക്കര കോൺഗ്രസിന് അർഹതപ്പെട്ടതാണെന്നും ഇടതുപക്ഷം അർഹതപ്പെടാത്തതിനുവേണ്ടിയാണ് മത്സരിക്കുന്നതെന്നുമാണ് സുധാകരന്റെ ശുഷ്‌കമായ 'ജനാധിപത്യബോധം'. നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കാൻ മുന്നിൽനിന്ന കെ. സുധാകരനും കോൺഗ്രസിനും ജനങ്ങൾ മറുപടി നൽകിയത് ഇടതുപക്ഷത്തിന് 99 സീറ്റുകൾ നൽകിക്കൊണ്ടാണ്. കെ. സുധാകരന്റെ അധമഭാഷയ്ക്ക് തൃക്കാക്കരയിലെ ജനങ്ങൾ മറുപടിനൽകുന്നത് ഇടതുപക്ഷത്ത് 100 സീറ്റുകൾ ഉറപ്പാക്കിക്കൊണ്ടായിരിക്കുമെന്നും ഡിവൈഎഫ്‌ഐ നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
Summary: Thrikkakara people will respond to K Sudhakaran's insulting of Chief minister Pinarayi Vijayan, says DYFI