'എച്ച്.ഡി ചിത്രം പകർത്തി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്‌കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നത്''- ഫോട്ടോഷോപ്പ് വിവാദത്തിൽ എം. വിജിൻ

''എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം വാങ്ങിയ പ്രസ്ഥാനം. ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്.''

Update: 2022-07-07 09:52 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: പോസ്റ്റർ ഫോട്ടോഷോപ്പ് വിവാദത്തിൽ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജിൻ എം.എൽ.എ. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് പരിശീലനക്യാംപിന്റെ പ്രചാരണത്തിനായി തയാറാക്കിയ പോസ്റ്ററാണ് വിവാദത്തിലായത്. ജമാഅത്തെ ഇസ്ലാമിയുടെ സേവനവിഭാഗമായ ഐ.ആർ.ഡബ്ല്യു നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ചിത്രങ്ങൾ ഫോട്ടോഷോപ്പ് ചെയ്തുമാറ്റിയാണ് പരിപാടിയുടെ പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. എന്നാൽ, ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെ അപമാനിക്കാനിക്കുകയാണെന്ന് വിജിൻ പ്രതികരിച്ചു.

ത്യാഗത്തിന്റെ എച്ച്.ഡി ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്‌കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നത്. നാട് നിന്നുതേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം ഡി.വൈ.എഫ്.ഐക്കാരായിരുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ വിജിൻ പറഞ്ഞു.

ഐ.ആർ.ഡബ്ല്യു പ്രവർത്തകനായ അംജദ് എടത്തലയുടെ ജാക്കറ്റിന് മുകളിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് എന്ന് ഫോട്ടോഷോപ്പ് ചെയ്ത് കൂട്ടിച്ചേർത്തായിരുന്നു പോസ്റ്റർ. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ പരിഹാസങ്ങൾക്കിടയാക്കിയതോടെയാണ് സംസ്ഥാന നേതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. കണ്ണൂരിലെ കോളിക്കടവിൽ ഈ മാസം മൂന്നിന് നടന്ന യൂത്ത് ബ്രിഗേഡ് പരിശീലന ക്യാംപ് വിജിൻ എം.എൽ.എയായിരുന്നു ഉദ്ഘാടനം ചെയ്തത്.

മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂനിഫോമിനും സുരക്ഷാ ഉപകരണങ്ങൾക്കും കാത്തുനിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിന്റെ വിപ്ലവ യൗവ്വനമായിരുന്നു. ആയിരക്കണക്കിന് സന്നദ്ധ സേനാസംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ, എങ്ങും എവിടെയും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാസമയവുമുണ്ടായിരുന്നു. നടത്തിയ അധ്വാനത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളൂവെങ്കിലും അതുതന്നെ പതിനായിരക്കണക്കിനുണ്ട്-ഫേസ്ബുക്ക് കുറിപ്പിൽ വിജിൻ പറഞ്ഞു.

DYFI യൂത്ത് ബ്രിഗേഡിന്റെ പോസ്റ്റർ വിവാദത്തിൽ... ഫോട്ടോഷോപ്പ് ചെയ്തു മാറ്റി...

ഫോട്ടോഷോപ്പ് ചെയ്തു മാറ്റി, DYFI യൂത്ത് ബ്രിഗേഡിന്റെ പോസ്റ്റർ വിവാദത്തിൽ... ഐആർഡബ്ല്യു നടത്തിയ പ്രളയ ദുരിതാശ്വാസത്തിന്റെ ഫോട്ടോയാണ് ഡി.വൈ.എഫ്.ഐ ഫോട്ടോഷോപ്പ് ചെയ്ത് മാറ്റി ഉപയോഗിച്ചത്

Posted by MediaoneTV on Thursday, July 7, 2022

വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്ന അശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം വാങ്ങിയ പ്രസ്ഥാനം. ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്. ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് ഡി.വൈ.എഫ്.ഐ മലയാള മനസ്സിൽ ജീവിതം കൊണ്ട് വരച്ചുവച്ചിരിക്കുന്നതെന്നും വിജിൻ കൂട്ടിച്ചേർത്തു.

എം. വിജിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഡിസൈനർക്ക് ഒരു ചിത്രം മാറിപ്പോയതിന്റെ പേരിൽ പതിറ്റാണ്ടുകളായി നാടിനു വേണ്ടി സ്വയം സമർപ്പിച്ച ഒരു യുവജനപ്രസ്ഥാനത്തെ അപമാനിക്കാനിറങ്ങുന്നവരോട്...

ഒരു തരി മണൽ ഉള്ളം കൈയിലമർന്നു പോയാൽ ത്യാഗത്തിന്റെ എച്ച്.ഡി ചിത്രം പകർത്തിയെടുത്ത് നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന സംസ്‌കാരമല്ല ഡി.വൈ.എഫ്.ഐയെ നയിക്കുന്നത്. നാട് നിന്നുതേങ്ങിയ പ്രതിസന്ധികളിൽ പകച്ചുപോയ നിമിഷങ്ങളിലെല്ലാം ഒരാഹ്വാനവുമില്ലാതെ തന്നെ ഓടിയെത്തിയ ചെറുപ്പക്കാരിൽ മഹാഭൂരിപക്ഷം ഡി.വൈ.എഫ്.ഐക്കാർ തന്നെയായിരുന്നു..

മഹാപ്രളയം നാടും വീടും നിലയില്ലാ ദുരിതത്തിലെത്തിച്ചപ്പോൾ യൂനിഫോമിനും സുരക്ഷാ ഉപകരണങ്ങൾക്കും കാത്തുനിൽക്കാതെ പാതിരാവിലും പാഞ്ഞെത്തിയത് കേരളത്തിന്റെ വിപ്ലവ യൗവ്വനമായിരുന്നു.. ആയിരക്കണക്കിന് സന്നദ്ധ സേനാ സംഘങ്ങൾ മുങ്ങിപ്പോയ ഒരു നാടിനെ കരകയറ്റാനൊരുമിച്ചപ്പോൾ എങ്ങും എവിടെയും ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡ് വിയർത്തൊലിച്ചും ചെളിവെള്ളത്തിൽ നീന്തിയും സദാസമയവുമുണ്ടായിരുന്നു.. നടത്തിയ അധ്വാനത്തിന്റെ പത്ത് ശതമാനത്തിൽ താഴെ മാത്രമേ ചിത്രങ്ങളായി എത്തിയുള്ളൂവെങ്കിലും അതുതന്നെ പതിനായിരക്കണക്കിനുണ്ട്.

കോവിഡ് മഹാമാരി വന്നപ്പോൾ ഭയചകിതരായ മനുഷ്യർക്കിടയിൽ നിർഭയം മൃതദേഹം സംസ്‌കരിക്കാനും രോഗബാധിതരെ ആശുപത്രിയിലെത്തിക്കാനും ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ സജ്ജമാക്കാനും ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് ഉപ്പുതൊട്ട് കർപ്പൂരംവരെ സകല സാധനങ്ങളുമെത്തിക്കാനും കൊടിപിടിക്കാതെ യൂനിഫോം ധരിക്കാതെ ഇരവുപകലാക്കി അത്യധ്വാനം ചെയ്ത ആയിരക്കണക്കിന് പ്രവർത്തകരുണ്ട് ഈ പ്രസ്ഥാനത്തിൽ.

സാലറി ചാലഞ്ച് ഇല്ലാതാക്കാൻ പലരും മത്സരിച്ചപ്പോൾ ആക്രി പെറുക്കിയും കല്ലു ചുമന്നും കക്ക വാരിയും മീൻ വിറ്റും സമാഹരിച്ച നാണയത്തുട്ടുകൾ ചേർത്തുവച്ച് പതിന്നൊന്നരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചെറുപ്പക്കാരുടെ പ്രസ്ഥാനമാണ്.

വർഷങ്ങളായി ഒരു ദിവസം പോലും മുടങ്ങാതെ കേരളത്തിലെ സർക്കാരാശുപത്രികളിൽ കഴിയുന്ന അശരണരായ മനുഷ്യർക്ക് അന്നമെത്തിക്കുന്ന പ്രസ്ഥാനം. എല്ലാവർഷവും ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത സംഘടനക്കുള്ള പുരസ്‌കാരം വാങ്ങിയ പ്രസ്ഥാനം.. ആ പ്രസ്ഥാനത്തെയാണ് ഒരു പോസ്റ്ററും പൊക്കിയെടുത്ത് അവഹേളിക്കാനിറങ്ങുന്നത്. ആരൊക്കെ എത്ര ശ്രമിച്ചാലും ചരിത്രത്തിൽനിന്ന് മായ്ച്ചുകളയാനാവാത്ത അനേകായിരം നന്മയുടെ അടയാളങ്ങളാണ് ഡി.വൈ.എഫ്.ഐ മലയാള മനസ്സിൽ ജീവിതം കൊണ്ട് വരച്ചുവച്ചിരിക്കുന്നത്. മറക്കരുത്...

Summary: "DYFI is not guided by the culture of copying HD images and spreading them in new media", says Kerala state Vice President M Vijin MLA in poster Photoshop controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News