സ്വപ്‌നയുടെ മൊഴി: ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു
നാളെ പതിനൊന്ന് മണിക്ക് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം . അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇ.ഡിക്ക് മുമ്പ് ഹാജരാകില്ല.
എറണാകുളം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജ് കിരണിന് ഇ.ഡി നോട്ടീസ് അയച്ചു. നാളെ പതിനൊന്ന് മണിക്ക് കൊച്ചി ഇ.ഡി ഓഫീസിൽ ഹാജരാകാനാണ് നിർദേശം . അതേസമയം സ്വപ്ന സുരേഷ് ഇന്ന് ഇ.ഡിക്ക് മുമ്പ് ഹാജരാകില്ല.
ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ ദൂതനാണെന്നായിരുന്നു സ്വപ്‌ന സുരേഷിന്റെ ആരോപണം. ഷാജ് കിരണ്‍ വീട്ടിലെത്തി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖയും സ്വപ്‌ന പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ ഷാജ് കിരണും സുഹൃത്തായ ഇബ്രാഹിമും തമിഴ്‌നാട്ടിലേക്ക് പോയി. ഫോണില്‍ സ്വപ്‌നക്കെതിരായ വീഡിയോകളുണ്ടെന്നും ഡിലീറ്റ് ചെയ്തതിനാല്‍ ഇത് വീണ്ടെടുക്കാനാണ് തമിഴ്‌നാട്ടില്‍ പോയതെന്നുമായിരുന്നു ഇവരുടെ വിശദീകരണം. എന്നാല്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയതെന്ന് ആരോപണങ്ങളുണ്ടായിരുന്നു.
ശിവശങ്കറാണ് ഷാജ് കിരണിനെ പരിചയപ്പെടുത്തിയത്. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് സരിത്തിനെ പിടിച്ചുകൊണ്ടുപോകുമെന്ന് ഷാജ് കിരണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുപോലെ തന്നെ സംഭവിച്ചു. വിജിലന്‍സാണ് സരിത്തിനെ കൊണ്ടുപോയതെന്നും 45 മിനിറ്റിനകം വിട്ടയക്കുമെന്നും ഷാജ് കിരണ്‍ തന്നെയാണ് വിളിച്ചറിയിച്ചത്. ഇതിനുപിന്നാലെ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാള്‍ വന്നുകാണുമെന്നും അവരോട് സംസാരിക്കണമെന്നും ഷാജ് കിരണ്‍ നിര്‍ദേശിച്ചതായും സ്വപ്‌ന വെളിപ്പെടുത്തിയിരുന്നു.
Summary- ED Notice To Shaj Kiran