റെയ്ഡിന് പിന്നാലെ എട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍
കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്.
കോഴിക്കോട്: രാജ്യവ്യാപക റെയ്ഡിനു പിന്നാലെ കേരളത്തിലെ വിവിധയിടങ്ങളില്‍ എന്‍.ഐ.ഐയും ഇ.ഡിയും കസ്റ്റഡിയിലെടുത്ത എട്ട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റില്‍. വിവിധ ജില്ലകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത 22 നേതാക്കളില്‍ എട്ട് പേരുടെ അറസ്റ്റാണ് കേന്ദ്ര ഏജന്‍സികള്‍ രേഖപ്പെടുത്തിയത്.
ഇവരുടെ പേരുവിവരങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടിട്ടില്ല. എൻ.ഐ.എ പുറത്തിറക്കുന്ന വാർത്താക്കുറിപ്പിൽ ഇവരുടെ പേരുകൾ ഉണ്ടാവും. അറസ്റ്റിലായ നേതാക്കളെ ഡൽഹിയിലെത്തിക്കാനാണ് നീക്കം.
കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്. ഓഫീസിന് പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് വിവരം.
ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, ദേശീയ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീർ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങൾ, വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികൾ എന്നിവരടക്കം 22 നേതാക്കളെയാണ് കേരളത്തിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ജില്ലയിൽ നിന്ന് പ്രഫ. പി കോയയേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പുലർച്ചെ നാലു മണിയോടെയാണ് നേതാക്കളുടെ വീടുകളിലും സംഘടനാ ഓഫീസുകളിലും ഇരു ഏജൻസികളുടേയും റെയ്ഡുണ്ടായത്. കേരളത്തിൽ ദേശീയ ചെയർമാൻ ഒ.എം.എ സലാം, ദേശീയ ജനറൽ സെക്രട്ടറി നസറുദ്ദീൻ എളമരം, ദേശീയ വൈസ് ചെയർമാൻ ഇ.എം അബ്ദുറഹ്മാൻ, മുൻ ചെയർമാൻ ഇ അബൂബക്കർ, മുൻ നാഷണൽ കൗൺസിൽ അംഗം കരമന അശ്റഫ് മൗലവി, സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ, സംസ്ഥാന സമിതിയംഗം സംസ്ഥാന സമിതി അംഗം യഹിയ തങ്ങൾ, പത്തനംതിട്ട ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ് തുടങ്ങിയവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്.
കൂടാതെ, കോഴിക്കോട്ടെ സംസ്ഥാന ഓഫീസിലും കൊല്ലം മേഖലാ ഓഫീസിലും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിലും കണ്ണൂർ താണയിലെ ഓഫീസിലും റെയ്ഡ് നടന്നു. കേരളം കൂടാതെ തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടന്നു. എൻ.ഐ.എ- ഇ.ഡി സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
നടപടി ഭരണകൂട ഭീകരതയാണെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ പ്രതികരിച്ചിരുന്നു. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കമാണിതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതികരിച്ചു. റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട് പ്രതിഷേധം തുടരുകയാണ്.