'എന്‍റെ കുബുദ്ധി, കേരളത്തിലെത്തിയത് ആദ്യമായി': ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ്
പൊലീസ് ഷാരൂഖ് സെയ്ഫിയുടെ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല
കോഴിക്കോട്: ആലപ്പുഴ - കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ എന്തിന് തീ കൊളുത്തിയെന്ന ചോദ്യത്തിന് തന്‍റെ കുബുദ്ധിയെന്ന് ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ്. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തില്ല. കോഴിക്കോട്ടെ മാലൂര്‍ എആര്‍ ക്യാമ്പിലെത്തിച്ച സെയ്ഫിയെ വിശദമായി ചോദ്യംചെയ്ത ശേഷം മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കും.
കേരളത്തിലെത്തിയത് ആദ്യമായാണെന്ന് ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്നും പൊലീസ് പറയുന്നു. തീ കൊളുത്തിയ ശേഷം അതേ ട്രെയിനിൽ തന്നെ കണ്ണൂരിലെത്തി. റെയിൽവെ സ്റ്റേഷനിൽ പൊലീസിന്റെ പരിശോധന നടക്കുമ്പോൾ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ ഒളിച്ചിരുന്നു. അന്ന് പുലർച്ചയോടെ ജനറൽ കമ്പാർട്ട്മെന്റിൽ ടിക്കറ്റ് എടുക്കാതെ രത്നഗിരിയിലേക്ക് യാത്ര ചെയ്തെന്നും ഷാരൂഖ് സെയ്ഫി മൊഴി നല്‍കിയെന്ന് പൊലീസ് പറയുന്നു.
ഷാരൂഖിനെ കോഴിക്കോട്ടെത്തിക്കുന്നതിന് ഇടയില്‍ നാടകീയ സംഭവങ്ങളുണ്ടായി. അനൌദ്യോഗിക വാഹനങ്ങളിൽ റോഡ് മാർഗമാണ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. സെയ്ഫിയുമായി വന്ന വാഹനം കണ്ണൂരിൽ വെച്ച് പഞ്ചറായി ഒന്നര മണിക്കൂറോളം പെരുവഴിയിൽ കുടുങ്ങി. കണ്ണൂരിൽ വെച്ച് പൊലീസിന് വഴിതെറ്റുകയും ചെയ്തു. മൂന്ന് പൊലീസുകാരുടെ മാത്രം സുരക്ഷയിലാണ് സെയ്ഫിയെ കോഴിക്കോട്ടെത്തിച്ചത്.
മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന് തീവ്രവാദ വിരുദ്ധ സേന ഷാരൂഖ് സെയ്ഫിയെ പിടികൂടിയെന്നാണ് പൊലീസിന്‍റെ വിശദീകരണം. മഹാരാഷ്ട്രയിൽ വെച്ച് പൊലീസ് പിടികൂടിയത് തന്‍റെ മകനെ തന്നെ ആണെന്ന് ഷാരൂഖിന്‍റെ പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹിയിൽ നിന്ന് ഇന്നേവരെ പുറത്ത് പോകാത്ത ഷാരൂഖ് കേരളത്തിൽ എത്തിയിട്ടുണ്ട് എങ്കിൽ മറ്റാരെങ്കിലും മകനെ കൊണ്ടുപോയതാകും എന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇത് ആരാണെന്ന് കണ്ടെത്തണമെന്നും മകൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അർഹിക്കുന്ന ശിക്ഷ ലഭിക്കണമെന്നുമാണ് പിതാവിന്‍റെ നിലപാട്. ഷാരൂഖ് സെയ്ഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും ഗൂഢാലോചനയുണ്ടോയെന്നുമാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.