ഇപി ജയരാജനെ മാറ്റിയത് പ്രവർത്തനരംഗത്തെ പോരായ്മ കൊണ്ട്: എംവി ഗോവിന്ദൻ
തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പായിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാകില്ലായിരുന്നു
തിരുവനന്തപുരം: ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയത് പ്രവർത്തനരംഗത്തെ പോരായ്മ കൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പോരായ്മ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകാനുള്ള പരിശ്രമം നടത്തി. അതിന് ശേഷവും തിരഞ്ഞെടുപ്പ് സമയത്ത് ഇപി വിവാദങ്ങൾ ഉണ്ടാക്കിയെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സംഘടനാ റിപ്പോർട്ടിലുള്ള മറുപടിയിലാണ് വിശദീകരണം.
മധു മുല്ലശേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കടുത്ത ഭാഷയിലായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പായിരുന്നെങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാകില്ലായിരുന്നുവെന്ന് എം വി ഗോവിന്ദൻ ആഞ്ഞടിച്ചു. " പുതിയ ജില്ലാ സെക്രട്ടറിയെ മധു മുല്ലശ്ശേരി കാണാൻ വന്നത് പണപ്പെട്ടിയിൽ മണക്കുന്ന സ്പ്രേയും വിലപിടിപ്പുള്ള തുണിത്തരങ്ങളും ആയിട്ടാണ്. മധു മുല്ലശേരിക്ക് ആറ്റിങ്ങലിൽ ഒരു ലോഡ്‌ജുണ്ട്. അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ അല്ല. തിരുവനന്തപുരം ജില്ലയിൽ തെറ്റ് തിരുത്തൽ രേഖ നടപ്പാക്കാൻ സാധിച്ചില്ല. അങ്ങനെ എങ്കിൽ മധു മുല്ലശ്ശേരിമാർ ഉണ്ടാവില്ലായിരിക്കുന്നു," എംവി ഗോവിന്ദൻ പറഞ്ഞു.