'അമ്മേ, എത്രകാലം പിടിച്ചുനിൽക്കും, ഭയന്നിട്ടാണ് പലരും ഒന്നും പറയാത്തത്' - എരഞ്ഞോളി സ്‌ഫോടനത്തിൽ യുവതി
'ഞാൻ സംസാരിക്കുന്നത് എനിക്കു വേണ്ടിയല്ല. ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്.'
കണ്ണൂർ: ആളൊഴിഞ്ഞ വീടുകൾ സിപിഎമ്മുകാരുടെ ഹബ്ബാണെന്നും ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ലെന്നും എരഞ്ഞോളി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട വേലായുധന്റെ അയൽക്കാരി സീന. ഭയന്നിട്ടാണ് ഇക്കാര്യങ്ങളെ കുറിച്ച് ആരും തുറന്നു പറയാത്തതെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. ഇതേക്കുറിച്ച് പറയുമ്പോൾ തൊട്ടടുത്തുണ്ടായിരുന്ന അമ്മ വിലക്കിയെങ്കിലും 'അമ്മേ, എത്രകാലം പിടിച്ചുനിൽക്കും' എന്ന് പറഞ്ഞാണ് യുവതി സംസാരം തുടർന്നത്.
'അമ്മേ എന്തിനാണ് പേടിക്കുന്നത്. ഏറി വന്നാൽ വീട് ബോംബെറിഞ്ഞു കൊല്ലുമായിരിക്കും. കൊന്നോട്ടെ. അതിനപ്പുറം ഒന്നും ചെയ്യില്ലല്ലോ. ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല എന്നാണ് പറയുന്നത്.' - അവര്‍ പറഞ്ഞു.
'ഞങ്ങൾ സാധാരണക്കാർക്കും ജീവിക്കണം, അത്രയേ പറയുന്നുള്ളൂ. നമുക്ക് ബോംബ് പൊട്ടി മരിക്കാൻ ആഗ്രഹമില്ല. ഇതെല്ലാവർക്കും അറിയാം. എന്നാൽ ഭയന്നിട്ട് മിണ്ടാതിരിക്കുകയാണ്. വീട് വൃത്തിയാക്കുന്ന വേളയിൽ മൂന്ന് ബോംബ് പാർട്ടിക്കാർ എടുത്തുകൊണ്ടു പോയിട്ടുണ്ട്. ഒരാൾ മരിച്ചതു കൊണ്ടാണ് ഇതു വെളിയിൽ വന്നത്. ആളൊഴിഞ്ഞ വീടുകളെല്ലാം പാർട്ടിക്കാരുടെ ഹബ്ബാണ്. ആര് പറഞ്ഞോ അവരുടെ വീട് ബോംബെറിഞ്ഞു നശിപ്പിക്കും. അതുകൊണ്ടാണ് എല്ലാവരും പേടിക്കുന്നത്. ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം. ഞാൻ പറയുന്നത് എനിക്കു വേണ്ടിയല്ല. ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണ്. പേടിച്ചിട്ടാണ് പലരും പറയാത്തത്. മുൻപും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഭയമില്ലാതെ ജീവിക്കണമെന്നത് സാധാരണക്കാരന്റെ അവകാശമാണ്. ഞങ്ങളുടെ കുട്ടികൾക്ക് കളിക്കണം.' - സീന കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ഉച്ചയോടെ കുടക്കളം സ്വദേശി വേലായുധനാണ് ബോംബ് പൊട്ടി മരിച്ചത്. വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.
അതിനിടെ, കണ്ണൂരിലെ ചില മേഖലകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ പൊലീസ് പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്‌ഫോടനം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിൽ വ്യവസായം പോലെ പാർട്ടി ഗ്രാമങ്ങളിൽ ബോംബുണ്ടാക്കുന്ന സാഹചര്യമാണ് കണ്ണൂരിൽ നിലവിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. സ്റ്റീൽ ബോംബുണ്ട് സൂക്ഷിക്കുക എന്ന് പറമ്പുകളിൽ എഴുതി വയ്‌ക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം പരിഹസിച്ചു.