സെന്റ് മേരീസ് ബസിലിക്ക സംഘർഷം: വിമത വിഭാഗത്തിനെതിരെ ശക്തമായ നടപടിയെന്ന് സൂചന

അടുത്ത മാസം നടക്കുന്ന സ്ഥിരം സിനഡിൽ അച്ചടക്കനടപടി ചർച്ച ചെയ്യും

Update: 2022-12-27 01:27 GMT
Editor : Shaheer | By : Web Desk
Advertising

കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ സംഘർഷത്തിൽ വിമതവിഭാഗത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സൂചന. നിർദേശങ്ങൾ പലപ്പോഴായി ലംഘിച്ച സാഹചര്യത്തിലാണ് ശക്തമായ നടപടിക്ക് സിറോ മലബാർ സഭ ഒരുങ്ങുന്നത്. അടുത്തമാസം നടക്കുന്ന സ്ഥിരം സിനഡിൽ ഇക്കാര്യം ചർച്ച ചെയ്യും. അതിനിടെ സെന്റ് മേരീസ് ബസിലിക്ക തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിലെ സംഘർഷത്തെ ചൊല്ലിയുള്ള പോര് കനക്കുകയാണ്. കുർബാനയെ സമരമാർഗമായി ഉപയോഗിച്ചത് സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്നും അതിനാൽ കർശന നടപടിയുണ്ടാകുമെന്നുമുള്ള കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുന്നറിയിപ്പിനെ രൂക്ഷമായി വിമർശിക്കുകയാണ് വിമത വിഭാഗം ചെയ്തത്.

വിമത വിഭാഗം വൈദികർ അടക്കമുള്ളവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് കർദിനാളിന്റെ പ്രതികരണം സൂചിപ്പിക്കുന്നത്. പലപ്പോഴായി നിർദേശം നൽകിയിട്ടും വിമതവിഭാഗം അച്ചടക്കലംഘനം തുടരുന്നതിൽ സഭയ്ക്കുള്ളിൽ കടുത്ത അത്യപ്തിയുണ്ട്. അതിനാൽ വിമതവിഭാഗത്തിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് സഭയ്ക്കുള്ളിൽ ഉയരുന്നത്. വിശദമായ ചർച്ചകൾക്ക് ശേഷം എന്തു നടപടി വേണമെന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്ന അഭിപ്രായവുമുണ്ട്. ഈ സാഹചര്യത്തിൽ ധൃതിപിടിച്ച് തീരുമാനമെടുക്കുന്നതിന് പകരം അടുത്ത മാസം ചേരുന്ന സ്ഥിരം സിനഡിൽ അച്ചടക്കനടപടിയുടെ കാര്യത്തിൽ വിശദമായ ചർച്ചകൾ നടക്കാനാണ് സാധ്യത.

വൈദികർ അടക്കമുള്ളവരെ പുറത്താക്കുന്ന നടപടികളുണ്ടാകുമോ എന്നും കാത്തിരുന്ന് കാണണം. അതിനിടെ ക്രിസ്മസ് തലേദിവസം ഉണ്ടായ സംഘർഷത്തിൽ അടച്ചിട്ട സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക തുറക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ക്രിസ്മസ് ദിവസം പള്ളി അടഞ്ഞുകിടന്നത്. ഇത് വിശ്വാസികളിൽ വലിയ നിരാശയുണ്ടാക്കിയതിനാൽ പള്ളി ഉടൻ തുറക്കണമെന്ന അഭിപ്രായവും രണ്ടു വിഭാഗങ്ങളും മുന്നോട്ടുവയ്ക്കുന്നുണ്ട്.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News