'43 ലക്ഷം രൂപയ്ക്ക് തൊഴുത്ത്, പശു ചുരത്താൻ എ.ആർ റഹ്‌മാന്റെ പാട്ടും'; സർക്കാറിനെതിരെ ചെന്നിത്തല
'ക്ലിഫ് ഹൗസിലെ നീന്തല്‍ കുളത്തില്‍ ഇപ്പോള്‍ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നത്?'
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും സർക്കാരിന്റെ പാഴ്‌ച്ചെലവുകൾക്ക് കണക്കില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വസതിയിലെ പശുത്തൊഴുത്തും ലിഫ്റ്റും അതിന്റെ ഉദാഹരണങ്ങളാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റോജി എം ജോൺ എംഎൽഎ നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
'പണ്ടൊരു മുഖ്യമന്ത്രിയുണ്ടായിരുന്നു, കെ. കരുണാകരൻ. അദ്ദേഹത്തിന് അസുഖം ബാധിച്ച സന്ദർഭത്തിൽ ഡോക്ടർമാർ അദ്ദേഹത്തിന് നീന്തൽ ഉപദേശിച്ചു. അങ്ങനെ ക്ലിഫ് ഹൗസിൽ നീന്തൽക്കുളമുണ്ടാക്കി. അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ നായനാർ മുഖ്യമന്ത്രിയാപ്പോൾ പറഞ്ഞു, ഇവിടെ പട്ടിയെ കുളിപ്പിക്കുമെന്ന്. ഇപ്പോൾ ക്ലിഫ് ഹൗസിൽ പട്ടിയാണോ കുട്ടിയാണോ കുളിക്കുന്നത്?. അച്യുതാനന്ദനെ പോലെ നൂറു വയസ്സുള്ളൊരു മുഖ്യമന്ത്രി നടന്നു കയറിയ ക്ലിഫ് ഹൗസിൽ പിണറായി വിജയൻ 25 ലക്ഷം രൂപയുടെ ലിഫ്റ്റ് വച്ചതിനെ പറ്റി കടകംപള്ളി ആഹ്ലാദത്തോടെയാണ് സംസാരിക്കുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി കോട്ട കെട്ടി അകത്തിരിക്കുകയാണ്. (ക്ലിഫ് ഹൗസിൽ) 43 ലക്ഷം രൂപായ്ക്ക് തൊഴുത്തുണ്ടാക്കി. മുന്തിയ ഇനം പശുക്കളെ കൊണ്ടുവന്നു. പശുക്കൾ ചുരത്താൻ വേണ്ടി എ.ആർ റഹ്‌മാന്റെ പാട്ടുവരെ നിങ്ങൾ അവിടെ വച്ചിരിക്കുന്നു.' - അദ്ദേഹം ആരോപിച്ചു.
ഇതുപോലെ അനിയന്ത്രിതമായി കടമെടുത്ത സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. 'കേരളത്തിന്റെ സാമ്പത്തിക രംഗത്തെ നിങ്ങൾ തകർത്തു തരിപ്പണമാക്കി. പലിശ കൊടുക്കാനാണ് ഇപ്പോൾ കടമെടുക്കുന്നത്. ഏതു ഗവൺമെന്റിനും വികസനത്തിനായി കടമെടുക്കേണ്ടി വരും. എന്നാൽ നിങ്ങളെ പോലെ ലക്കും ലഗാനുമില്ലാതെ കടം വാങ്ങിയ സർക്കാർ കേരളത്തിന്റെ ചരിത്രത്തിലില്ല. എടുക്കുന്ന കടം ഏതെങ്കിലും വരുമാന വർധനവിന് വേണ്ടി വിനിയോഗിച്ചിട്ടുണ്ടോ? ഇഎംഎസ് മുതൽ ഉമ്മൻചാണ്ടി വരെയുള്ള ഗവൺമെന്റുകൾ എടുത്ത കടം ഒന്നേ മുക്കാൽ ലക്ഷം കോടിയാണ്. ഈ ഗവൺമെന്റ് ഏഴു വർഷം കൊണ്ട് നാലു ലക്ഷം കോടിയായി കടം വർധിപ്പിച്ചിരിക്കുന്നു.' - അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ടവനെ പിഴിഞ്ഞെടുത്ത പണമാണ് ധൂർത്തിനും അഴിമതിക്കുമായി ഉപയോഗിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 'ഉച്ചഭക്ഷണത്തിന് (സ്കൂളുകളിലെ) സർക്കാറിന്റെ കൈയിൽ പണമില്ല. മുഖ്യമന്ത്രിക്ക് ഹെലികോപ്ടർ വാങ്ങാൻ 80 കോടി ചെലവഴിക്കുന്നു. സർക്കാർ ജനങ്ങളുടെ മേൽ നികുതി ഭാരം അടിച്ചേൽപ്പിച്ചു. വെള്ളക്കരവും കറന്റ് ചാർജും കൂട്ടി. ഭൂമിയുടെ കരവും രജിസ്‌ട്രേഷനും വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ബിജെപി (നികുതി) കൂട്ടിയപ്പോൾ നിങ്ങളും കൂട്ടി. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ മൂന്നു തവണ പെട്രോളിന്റെയും ഡീസലിന്റെയും അധിക വരുമാനം വേണ്ടെന്നു വച്ചു. ഒരു രൂപാ കുറയ്ക്കില്ലെന്നാണ് ഐസകും ബാലഗോപാലും പറഞ്ഞത്. പാവപ്പെട്ടവനെ പിഴിഞ്ഞെടുത്ത പണം ധൂർത്തിനും അഴിമതിക്കും വേണ്ടി ചെലവഴിക്കുകയാണ്.' - ചെന്നിത്തല പറഞ്ഞു.