ഷാരോൺ വധക്കേസ്: തെളിവ് നശിപ്പിച്ചത് ​ഗ്രീഷ്മയുടെ അമ്മയും അമ്മാവനും; പ്രതി ചേർക്കും

മകളെ രക്ഷപെടുത്താനായിരുന്നു അമ്മയുടേയും അമ്മാവന്റേയും നീക്കമെന്ന് കണ്ടെത്തിയാണ് പൊലീസ് നീക്കം.

Update: 2022-10-31 16:11 GMT
Advertising

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ ​മുഖ്യപ്രതി ​ഗ്രീഷ്മയുടെ അമ്മയും അച്ഛനും പ്രതികളാവും. കേസിൽ തെളിവ് നശിപ്പിച്ചത് അമ്മയും അമ്മാവനുമാണെന്ന് പൊലീസ് വ്യക്തമാക്കി.

ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി. തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിച്ചു. ഈ സാഹചര്യത്തിൽ‍, തെളിവ് നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേർക്കും. ഇവരടക്കം നാല് പേരുടെ ചോദ്യം ചെയ്യൽ പുരോ​ഗമിക്കുകയാണ്.

ഷാരോണ്‍ മരിച്ചതോടെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം കണ്ടു. ഇതോടെ അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങള്‍ ഉണ്ടായി. ഇതേക്കുറിച്ച് ഇരുവരും ഗ്രീഷ്മയോട് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ല.

ഇതോടെയാണ് താന്‍ വാങ്ങിവച്ച കീടനാശിനിയാവാം ഗ്രീഷ്മ കലക്കിക്കൊടുത്തത് എന്ന സംശയത്തെ തുടര്‍ന്ന് അമ്മാവന്‍ ഇതിന്റെ കുപ്പി എടുത്ത് നശിപ്പിക്കുകയായിരുന്നു. മാത്രമല്ല, കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും കഷായമിരുന്ന കുപ്പിയും എടുത്ത് നശിപ്പിച്ചു. അമ്മയുടെ അറിവോടെയായിരുന്നു ഇത് രണ്ടും ചെയ്തത്.

ഇതിനുള്ള കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരേയും പ്രതി ചേര്‍ക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് അന്വേഷണ സംഘം നാളെ കടക്കും. അതേസമയം, ആശുപത്രിയിൽ കഴിയുന്ന ​ഗ്രീഷ്മയെ ഉടൻ റിമാൻഡ് ചെയ്യും.

ഗ്രീഷ്മ ഒറ്റയ്ക്ക് ഈ കുറ്റകൃത്യം ചെയ്യില്ലെന്നും വീട്ടുകാര്‍ക്ക് പങ്കുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ നിലവില്‍ കൊലയില്‍ കുടുംബാഗങ്ങള്‍ക്ക് പങ്കുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ലെങ്കിലും ഇന്നു നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവു നശിപ്പിച്ചതില്‍ ഇരുവരുടേയും പങ്ക് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ കൊലയില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

മകളെ രക്ഷപെടുത്താനായിരുന്നു അമ്മയുടേയും അമ്മാവന്റേയും നീക്കമെന്ന് കണ്ടെത്തിയാണ് പൊലീസ് നീക്കം. ​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി എടുത്ത് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ​ഗ്രീഷ്മയെ ഇവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News