'വിശദീകരണം തൃപ്തികരം'; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആർഷോയെ പിന്തുണച്ച് സി.പി.എം
കെ വിദ്യക്കെതിരായ വ്യാജ രേഖ ആരോപണം ഗുരുതരമാണെന്ന് പാര്‍ട്ടി വിലയിരുത്തി
തിരുവനന്തപുരം: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വിശദീകരണം തൃപ്തകരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. എസ്.എഫ്.ഐയെ തകര്‍ക്കാന്‍ നീക്കം നടക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. എന്നാല്‍ കെ വിദ്യക്കെതിരായ വ്യാജ രേഖ ആരോപണം ഗുരുതരമാണെന്നും പാര്‍ട്ടി വിലയിരുത്തി.
മാര്‍ക്ക് ലിസ്റ്റ് ആരോപണം ഉയര്‍ന്ന ഉടന്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആര്‍ഷോ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ഇത് തൃപ്തികരമെന്ന് വിലയിരുത്തിയാണ് നേതാക്കള്‍ ആര്‍ഷോയ്ക്ക് പിന്തുണ നല്‍കിയത്. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റും കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ആര്‍ഷോ നിരപരാധിയാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. എസ്.എഫ്.ഐയെ തകര്‍ക്കാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്നാണ് സെക്രട്ടറിയേറ്റ് കണക്കുകൂട്ടല്‍.
എന്നാല്‍ കെ വിദ്യക്കെതിരെ ഉയര്‍ന്നിരിക്കുന്ന വ്യാജരേഖ ആരോപണം ഗൗരവമുള്ളതാണെന്നാണ് പാര്‍ട്ടി പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നത് കൊണ്ട് കാര്യങ്ങള്‍ അതിലൂടെ പുറത്ത് വരട്ടെ എന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. വിദ്യക്ക് ആരുടെയെങ്കിലും സഹായമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിൽ തെളിയട്ടെയെന്നും അങ്ങനെ നേതാക്കളുടെ ആരുടെയെങ്കിലും സഹായം ലഭ്യമായെന്ന് തെളിയുന്നെങ്കില്‍ അക്കാര്യങ്ങള്‍ ആ ഘട്ടത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സി.പി.എം വ്യക്തമാക്കി.