ബജറ്റിന് പുറത്തുള്ള കടമെടുപ്പ് കേരളത്തിന്‍റെ സാമ്പത്തികസ്ഥിതിയെ ബാധിക്കുന്നു- സി.എ.ജി റിപ്പോർട്ട്
സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ റവന്യുകമ്മിയും ധനകമ്മിയും നിയന്ത്രിക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ നിർദേശമുണ്ട്
തിരുവനന്തപുരം: ബജറ്റിന് പുറത്തുനിന്നുള്ള കടമെടുക്കൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്നുവെന്ന് സി.എ.ജി റിപ്പോർട്ട്. 8604. 19 കോടി രൂപ കിഫ്ബി വഴി ബജറ്റിന് പുറത്ത് വായ്പയെടുത്തു. ബജറ്റിന് പുറത്തുള്ള ആകെ കടം 9273 .24 കോടി രൂപയായി. സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ റവന്യുകമ്മിയും ധനകമ്മിയും നിയന്ത്രിക്കണമെന്നും സി.എ.ജി റിപ്പോർട്ടിൽ നിർദേശമുണ്ട്.
കിഫ്ബിയ്ക്ക് സ്വന്തമായി വരുമാനമില്ല, ബാധ്യത സർക്കാർ തീർക്കണം. കടമെടുപ്പ് തുടർന്നാൽ കടം കുമിഞ്ഞ് കൂടും. പലിശ കൊടുക്കൽ മാത്രം കടത്തിന് കാരണമാവും. കാലക്രമേണ ഭാവി തലമുറയ്ക്ക് ഭാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സി.എ.ജി റിപ്പോര്‍ട്ടില്‍ കേരള സർവകലാശാലയ്ക്ക് വിമര്‍ശനവുമുണ്ട്. പ്രവർത്തനപുരോഗതി വിലയിരുത്താൻ സർവകലാശാലക്ക് മാസ്റ്റർ പ്ലാനില്ല. അടിസ്ഥാന സൗകര്യ വികസന പ്രോജക്ടുകൾ, സോഫ്റ്റ് വെയർ, സിലബസ് പരിഷ്ക്കരണം എന്നിവ സമയബന്ധിതമായി നടപ്പിലാക്കിയില്ല. കഴിഞ്ഞ 3 വർഷത്തിനിടെ 142 കോഴ്സുകളിൽ 28 കോഴ്സുകളുടെ സിലബസ് പരിഷ്ക്കരിച്ചില്ലെന്നും യുജിസി വിഭാവനം ചെയ്ത കോളേജ് ഡവലപ്മെന്റ് കൗൺസിലിന്റെ പ്രവർത്തനം ഫലപ്രദമായില്ലെന്നുമാണ് വിമര്‍ശനം.