'കാപ്പ ചുമത്തി നാടുകടത്തിയ കുറ്റവാളിയിൽ നിന്ന് വധഭീഷണി'; പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതിയുടെ പരാതി
മയക്കുമരുന്ന് കേസില്‍ തന്നെ കുടുക്കുകയായിരുന്നെന്നും യുവതി പറയുന്നു
കോഴിക്കോട്: കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കുറ്റവാളിയിൽ നിന്നും വധഭീഷണി നേരിടുന്നു എന്ന പരാതിയുമായി യുവതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ വെംബ്ലി സലീമിനെതിരെയാണ് കോഴിക്കോട് ഒളവണ്ണ സ്വദേശിയായ യുവതിയാണ് പരാതി നൽകിയത്. വീടുകയറിയും ബസിൽ വെച്ചും തന്നെ ആക്രമിക്കാൻ ശ്രമിച്ചിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന് യുവതി ആരോപിക്കുന്നു.
2016 മുതൽ വെംബ്ലി സലീമിനെ പരിചയമുണ്ടെന്നും യുവതി പറയുന്നു. 'ഇയാളുടെ വലയില്‍ താന്‍ അറിയാതെ പെടുകയായിരുന്നു. ഓണത്തിന് കച്ചവടം ചെയ്യാൻ കുറച്ച് വസ്ത്രങ്ങള്‍ വാങ്ങാമെന്ന് പറഞ്ഞ് കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. തിരിച്ചുവരുന്ന സമയത്ത് ഒരു ബാഗ് കൈയിൽ തന്നു'. ഫറോക്ക് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് എക്‌സൈസ് പിടിച്ചപ്പോഴാണ് ബാഗില്‍ മയക്കുമരുന്നാണെന്ന് അറിയുന്നതെന്നും യുവതി പറയുന്നു. അന്ന് വെംബ്ലി സലീം ഓടി രക്ഷപ്പെട്ടു. ഈ കേസില്‍ യുവതി ശിക്ഷിക്കപ്പെടുകയും ചെയ്തു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും ഇത് സംബന്ധിച്ച് വനിതാ കമ്മീഷനടക്കം പരാതി നൽകിയെങ്കിലും നീതി ലഭിച്ചിട്ടില്ല. സുഹൃത്തിന്റെ മകനെ തട്ടിക്കൊണ്ടുപോയെന്നും സഹോദരിയുടെ മക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതായും യുവതി പറയുന്നു.