വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; ബി.ജെ.പി ആരോപണം ഉണ്ടായില്ലാ വെടിയെന്ന് അബിൻ വർക്കി

കരുണാകരൻ പറഞ്ഞത് പോലെ ആരോപണം എന്നാൽ ആരോ പണം കൊടുത്ത് പറയിപ്പിക്കുന്നതാണ്, അതിനെ അങ്ങനെ എടുത്താൽ മതിയെന്നും അബിൻ വർക്കി പറഞ്ഞു

Update: 2023-11-17 09:39 GMT
Advertising

ഡൽഹി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ ആർക്ക് വേണമെങ്കിലും അന്വേഷിക്കാമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. തെറ്റ് ചെയ്തവരെ കണ്ടെത്തണമെന്നും ചെയ്തിട്ടുണ്ടെങ്കിൽ അത് പാർട്ടിക്ക് ഉള്ളിൽ നിന്നാണോ പുറത്ത് നിന്നാണോ എന്നും കണ്ടെത്തണം. തെറ്റ് ചെയ്തവരുണ്ട് എന്ന് കണ്ടെത്തിയ ശേഷം മറ്റ് ആരോപണങ്ങൾക്ക് മറുപടി നൽകുമെന്നും തെരഞ്ഞെടുപ്പ് സുതാര്യത സംബന്ധിച്ച് പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

'ഇത്തരം ഒരു തെരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത സംഘടനയാണ് ഡി.വൈ.എഫ്.ഐ. ആ ഡി.വൈ.എഫ്.ഐയൊക്കെ ഇതിനെ രാജ്യദ്രാഹം എന്ന് പറഞ്ഞാൽ അതൊക്കെ ആ വിലക്ക് എടുത്ത് തള്ളിക്കളഞ്ഞാൽ മതി. പാലക്കാട്ടെ തോൽവിയിൽ നിന്നും ബി.ജെ.പി ഇത് വരെ മുക്തരായിട്ടില്ല. അതുകൊണ്ടാണ് ഷാഫി പറമ്പിലിനെ പോലെയൊരു യുവജന നേതാവിന് നേരെ ബി.ജെ.പി ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നത്. കരുണാകരൻ പറഞ്ഞത് പോലെ ആരോപണം എന്നാൽ ആരോ പണം കൊടുത്ത് പറയിപ്പിക്കുന്നതാണ്. അതിനെ അങ്ങനെ എടുത്താൽ മതി. അങ്ങനെ ഏതോ ഒരു കമ്പനിക്ക് നിയന്ത്രിക്കാൻ പറ്റുന്ന തെരഞ്ഞെടുപ്പ് പ്രക്രിയ ആയിരുന്നില്ല അത്. സുധാര്യവും സുരക്ഷിതവുമായ ആപ്പാണ് തെരഞ്ഞെടുപ്പിന് ഉപയോഗിച്ചത്. ഓപ്പൺ മെമ്പർഷിപ്പ് ആയതിനാൽ ആർക്കും പുറത്ത് നിന്ന് ഇടപെടാൻ കഴിയുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നത് സത്യമാണ്. അതിനാൽ ഈ പ്രക്രിയയെ മോശമാക്കാൻ ആരെങ്കിലും ഏതെങ്കിലും തരത്തിൽ ശ്രമിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കണം'- അബിൻ വർക്കി.


സംഭവത്തിൽ യൂത്ത് കോൺഗ്രസിനോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വിശദീകരണം തേടി. ബി.ജെ.പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനേയും ബി.ജെ.പി വിവരം അറിയിച്ചു.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിനായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെരഞ്ഞടുപ്പ് കമ്മിഷന്റെ വ്യാജ ഐഡിക്കാർഡുകൾ ഉണ്ടാക്കിയെന്നാണ് പരാതി ഉയർന്നത്. ഒന്നര ലക്ഷത്തോളം വ്യാജ ഇലക്ഷൻ ഐഡി കാർഡ് ഉണ്ടാക്കിയെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് ഇതിൽ പങ്കുണ്ടെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.


യൂത്ത് കോൺഗ്രസിന്റേത് രാജ്യ സുരക്ഷയെ ബാധിക്കുന്ന ക്രിമിനൽ കുറ്റമാണെന്നും ഡിജിപിക്ക് പരാതി നൽകിയെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്ക്കുമടക്കമാണ് കോൺഗ്രസ് പ്രവർത്തകർ തന്നെ പരാതി നൽകിയിരിക്കുന്നതെന്നും പരാതി ലഭിച്ച് ദിവസങ്ങളായിട്ടും നേതൃത്വം പൊലീസിലറിയിച്ചില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വ്യാജ ആപ്പ് വഴി തെരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിലേക്ക് നേരിട്ട് പ്രവേശിക്കാൻ കഴിയുമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആരോപണം. ആപ്പ് തയ്യാറാക്കാനും മറ്റുമായി 22 കോടിയിലധികം ചെലവഴിച്ചുവെന്നും ഇതെവിടെ നിന്ന് സമാഹരിച്ചുവെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News