അച്ഛൻ്റെ മരണം മാനസിക പീഡനത്തെ തുടർന്ന്, പീഡിപ്പിച്ചത് കോൺഗ്രസ് നേതാക്കള്‍: പ്രജിത്ത്
ഡിജിപി ക്ക് നൽകിയ പരാതി പിൻവലിച്ചത് കെ.സുധാകരൻ്റെ സമ്മർദ്ദം മൂലമാണെന്നും മക്കള്‍ പറഞ്ഞു
തിരുവനന്തപുരം: കെ പി സി സി ട്രെഷറർ പ്രതാപ ചന്ദ്രന്‍റെ മരണത്തിൽ മക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. അച്ഛൻ്റെ മരണം മാനസിക പീഡനത്തെ തുടർന്നാണെന്നും പീഡിപ്പിച്ചത് കോൺഗ്രസ് നേതാക്കളാണെന്നുമാണ് പരാതി.
ഡിജിപി ക്ക് നൽകിയ പരാതി പിൻവലിച്ചത് കെ.സുധാകരൻ്റെ സമ്മർദ്ദം മൂലമാണെന്നും മക്കള്‍ പറഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കുമെന്ന് സുധാകരൻ വാക്ക് നൽകിയിരുന്നെന്നും എന്നാൽ തങ്ങളെ വഞ്ചിച്ചുവെന്നും പ്രതാപ ചന്ദ്രന്‍റെ മക്കൾ ആരോപിച്ചു. മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാണ് നിലവിലെ ആവശ്യം.
ഡിസംബർ 21ന് നൽകിയ പരാതിയിലും കോൺഗ്രസ് നേതാക്കളുടെ മാനസിക പീഡനത്തെ തുടർന്നാണ് പ്രതാപ ചന്ദ്രന്‍റെ മരണമെന്ന് ആരോപിച്ചിരുന്നു. എന്നാൽ ഈ പരാതി കെ.സുധാകരൻ്റെ സമ്മർദ്ദം മൂലം പിൻവലിക്കുകയായിരുന്നെന്നാണ് വെളിപ്പെടുത്തൽ. പ്രതാപ ചന്ദ്രന്‍റെ മകൻ കെ.സുധാകരനുമായി ഇന്നലെ നടത്തിയ കൂടികാഴ്ച നടത്തിയിരുന്നു. എന്നാൽ ആദ്യം നൽകിയ ഉറപ്പുകളിൽ നിന്നും കെ.സുധാകരൻ പിന്നോട്ട് പോയെന്നാണ് മകൻ പ്രജിത്ത് പറയുന്നത്. ഇതേ തുടർന്നാണ് ഈക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
കെ.സുധാകരന്‍റെ ഇടപെടലുകളടക്കം വിശദീകരിക്കുന്ന പരാതി ഈമെയിൽ മുഖേനയാണ് മുഖ്യമന്ത്രിക്ക് നൽകിയത്. മുൻപ് ഡിയജി.പിക്ക് നൽകിയ പരാതിയടക്കം അറ്റാച്ച് ചെയ്താണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.