കെ.എസ്.ആർ.ടി.സിക്ക് 30 കോടി അനുവദിച്ച് ധനകാര്യ വകുപ്പ്; ശമ്പള വിതരണത്തിന് ഇത് മതിയാവില്ലെന്ന് മാനേജ്‌മെന്റ്

ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്

Update: 2022-06-06 13:32 GMT
Editor : afsal137 | By : Web Desk
Advertising

കെഎസ്ആർടിസിക്ക് ശമ്പള വിതരണത്തിനായി 30 കോടി രൂപ അനുവദിച്ച് ധനകാര്യവകുപ്പ്. എന്നാൽ 30 കോടി മതിയാവില്ലെന്നാണ് കെഎസ്ആർടിസി മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. ശമ്പളം നൽകാൻ 52 കോടി കൂടി വേണമെന്ന് മാനേജ്‌മെൻറ് അറിയിച്ചു. ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനായി ഇത്തവണ 65 കോടി രൂപയാണ് കെഎസ്ആർടിസി സർക്കാരിനോട് ചോദിച്ചത്. കഴിഞ്ഞ മാസം സർക്കാർ 50 കോടി രൂപ നൽകിയിരുന്നു. ശമ്പളം വൈകുന്നതിനെതിരെ കെ.എസ്.ആർ.ടി.സി തൊഴിലാളി സംഘടനകൾ അനിശ്ചിത കാല സമരം ആരംഭിച്ചിരുന്നു.

ശമ്പള വിതരണം വൈകുന്നതടക്കമുള്ള പ്രശ്‌നങ്ങൾ ഉയർത്തിയാണ് ചീഫ് ഓഫീസിന് മുന്നിൽ കെ.എസ്.ആർ.ടി.സി സംഘടനകളുടെ പ്രതിഷേധം. ഈ മാസം 20ന് മുൻപ് ശമ്പളം നൽകാൻ നിർവാഹമില്ലെന്ന് കെഎസ്ആർടിസി മാനേജ്‌മെന്റ് തൊഴിലാളി നേതാക്കളെ അറിയിച്ചിരുന്നു. ശമ്പള വിതരണത്തിലെ പാളിച്ചയും കെടുകാര്യസ്ഥതയും ഉന്നയിച്ച് പ്രതിഷേധം മാനേജ്‌മെന്റിനെതിരെ കടുപ്പിക്കുകയാണ് യൂണിയനുകൾ. ഭരണാനുകൂല സംഘടനയായ സിഐടിയും അനിശ്ചിതകാല സമരത്തിന്റെ ഭാഗമായി. പ്രതിമാസ വരുമാനം 193 കോടി രൂപ ആയിട്ടും ശമ്പളം വൈകുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്. എങ്കിലും പ്രതിസന്ധി കാലത്ത് തത്കാലം പണിമുടക്കാനില്ലെന്നും യൂണിയനുകൾ വ്യക്തമാക്കി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News