കാർഷിക സർവകലാശാല ഭൂമി പണയം പണയം വയ്ക്കരുത്: എഫ്.യു.ഇ.ഒ

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാൻ കേരള കാർഷിക സർവകലാശാല പദ്ധതിയിടുന്നത്

Update: 2023-09-17 10:11 GMT
Editor : abs | By : Web Desk
Advertising

തൃശ്ശൂർ: കാർഷിക സർവകലാശാലയുടെ അൻപത് ഏക്കർ ഭൂമി പണയം വച്ച് വായ്പഎടുക്കാനുള്ള തീരുമാനം റദ്ദാക്കണമെന്ന്‌ ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ്. 52 വർഷം പിന്നിട്ട രാജ്യത്തെ മികച്ച സർവകലാശാലയെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും എഫ്.യു.ഇ.ഒ ഭാരവാഹികള്‍ പറഞ്ഞു. 

പുതിയ കോഴ്സുകൾ ആരംഭിച്ചുകൊണ്ട് വായ്പ തിരിച്ചടക്കുമെന്നത് അപ്രായോഗികമാണ്. സർക്കാർ നൽകുന്ന ഗ്രാന്റ് അപര്യാപ്തമായതുകൊണ്ടാണ് സർവകലാശാല പ്രതിസന്ധിയിലായതെന്നും എഫ്.യു.ഇ.ഒ ഭാരവാഹികള്‍ കൂട്ടിച്ചേർത്തു. 

സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഭൂമി പണയപ്പെടുത്തി പണം സമാഹരിക്കാൻ കേരള കാർഷിക സർവകലാശാല പദ്ധതിയിടുന്നത്. പുതിയ കോഴ്സുകൾ തുടങ്ങാനും കുടിശ്ശികത്തുക വിതരണം ചെയ്യാനും വേണ്ടി 40 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കൂടിയാലോചനകൾ ഇല്ലാതെ എടുത്ത തീരുമാനത്തിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.റവന്യൂ മന്ത്രി അംഗമായ സർവകലാശാല ഭരണസമിതിയാണ് വായ്പ എടുക്കാനുള്ള ശുപാർശ അംഗീകരിച്ചത്. ഇത് പ്രകാരം സർവകലാശാലയുടെ ഭൂമി പണയപ്പെടുത്തി പൊതുമേഖലാ ബാങ്കുകളിൽ നിന്നും പണം സമാഹരിക്കാൻ സർവകലാശാല തീരുമാനിച്ചു. 40 കോടി രൂപയാണ് ഇത്തരത്തിൽ കടമായി എടുക്കുന്നത്. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനും വിവിധ മേഖലകളിലായി നിലനിൽക്കുന്ന കുടിശ്ശിക കൊടുത്തു തീർക്കുന്നതിനും വേണ്ടിയാണ് നീക്കം.

ഒരു ഭാഗം ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ തീരുമാനമെന്ന് സൂചനയുണ്ട്. എന്നാൽ ഇത് വലിയ വിവാദമാകാൻ സാധ്യതയുള്ളതിനാൽ വായ്പ മതി എന്ന് തീരുമാനിക്കുകയായിരുന്നു. കടമെടുക്കുന്ന കാര്യം സർവകലാശാല ജനറൽ കൗൺസിലിൽ ചർച്ച ചെയ്താണ് തീരുമാനിക്കേണ്ടത്. എന്നാൽ അതിനുപകരം ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നു എന്ന് പ്രതിപക്ഷ സംഘടനകൾ പറയുന്നു.വായ്പയെടുക്കാനുള്ള നീക്കം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ഭൂമി പണയപ്പെടുത്താനുള്ള തീരുമാനം പിൻവലിക്കണമെന്നാണ് ഒരു വിഭാഗം അധ്യാപകരുടെയും ജീവനക്കാരുടെയും ആവശ്യം.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News