ഈ വർഷത്തെ ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മറ്റന്നാൾ കൊച്ചിയിൽ നിന്ന് പുറപ്പെടും
സംഘത്തിലെ 377 തീർഥാടകർ നെടുമ്പാശേരിയിലെ ക്യാമ്പിലെത്തി
കൊച്ചി: ഇന്ത്യയിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് തീർത്ഥാടക സംഘം മറ്റന്നാൾ കൊച്ചിയിൽ നിന്ന് പുറപ്പെടും കേരളത്തിൽ നിന്ന് 2056 പുരുഷന്മാരും 3702 സ്ത്രീകളുമടക്കം 5758 തീർഥാടകരാണ് ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കർമ്മത്തിന് പോകുന്നത്. ഇവർക്ക് പുറമേ തമിഴ്‌നാട്, ലക്ഷദ്വീപ്, ആന്തമാൻ, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 1989 തീർത്ഥാടകരും കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴിയാണ് യാത്ര ചെയ്യുന്നത്.
ജൂൺ 4 മുതൽ 16 വരെ സൗദി അറേബ്യൻ എയർലൈൻസിന്റെ ചാർട്ട് ചെയ്ത 20 വിമാനങ്ങളിലാണ് തീർത്ഥാടകരുടെ യാത്ര. ശനിയാഴ്ച ആദ്യ സംഘത്തിന്റെ ഫ്‌ലാഗ് ഓഫ് ചടങ്ങിൽ മന്ത്രിമാരായപി രാജീവ്, അഹ്മദ് ദേവർകോവിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി തുടങ്ങിയവർ പങ്കെടുക്കും.
ആദ്യ യാത്രാസംഘത്തിലെ ഹാജിമാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട് ചെയ്തു. ആർ.ടി.പി.സി.ആർ ടെസ്റ്റിനുള്ള സൗകര്യം ക്യാമ്പിലുണ്ട്. ഹജ്ജ് കമ്മിറ്റി അംഗങ്ങൾ, വളണ്ടിയർമാർ, ആരോഗ്യ പ്രവർത്തകർ, ഹജ്ജ് സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രവർത്തനങ്ങൾ ആരംഭിച്ചു . എറണാകുളം കലക്ടർ ജാഫർ മാലിക്ക് ഹജ്ജ് ക്യാമ്പ് സന്ദർശിച്ചു ഒരുക്കങ്ങൾ വിലയിരുത്തി.