ദേവികുളത്ത് മുൻ എംഎൽഎ എസ്. രാജേന്ദ്രൻ വോട്ട് മറിച്ചെന്ന് പാർട്ടി കമ്മീഷന്റെ കണ്ടെത്തൽ
തോട്ടംതൊഴിലാളികൾ ജോലിയിൽ നിന്ന് വിരമിക്കുന്നതാണ് ദേവീകുളത്ത് വോട്ട് കുറയാൻ കാരണമെന്ന് എസ് രാജേന്ദ്രൻ
നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രന് ഗുരുതര വീഴ്ച പറ്റിയെന്ന് പാർട്ടി നിയോഗിച്ച കമ്മീഷന്റെ കണ്ടെത്തൽ. ഇടത് സ്ഥാനാർഥിയായ എ. രാജയെ തോൽപ്പിക്കാൻശ്രമിച്ചുവെന്നും കണ്ടെത്തിയതായി സൂചന. തോട്ടം തൊഴിലാളികളായ പ്രവർത്തകർക്കിടയിൽ വിഭാഗീയതയുണ്ടാക്കിയതായും കമ്മീഷൻ കണ്ടെത്തി. നേരത്തെ ദേവികുളത്ത് വീണ്ടും മത്സരിക്കാൻ മൂന്നു തവണ എം.എൽ.എയായ രാജേന്ദ്രന് താൽപര്യമുണ്ടായിരുന്നു. ജയിച്ചാൽ മന്ത്രിയാകാമെന്നായിരുന്നു പ്രതീക്ഷ.
എന്നാൽ എ രാജയുടെ വോട്ട് കുറയ്ക്കുന്ന തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും തോട്ടംതൊഴിലാളികൾ ജോലിയിൽ നിന്ന് വിരമിക്കുന്നതാണ് ദേവീകുളത്ത് വോട്ട് കുറയാൻ കാരണമെന്നും എസ് രാജേന്ദ്രൻ മീഡിയവണിനോട് പറഞ്ഞു. പാർട്ടിക്കുള്ളിൽ തന്നെ ഏറെക്കാലമായി അവഗണിക്കുന്ന സമീപനമാണുള്ളതെന്നും ഇക്കാര്യം താൻ പാർട്ടിയെ ബോധ്യപ്പെടുത്തുമെന്നും ദേവീകുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ പറഞ്ഞു.