യൂട്യൂബ് പരസ്യം കണ്ട് 10 പശുക്കളെ ഓർഡർ ചെയ്തു; മുൻ പ്രവാസിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
രാജസ്ഥാനിലെ യൂട്യൂബറുടെ പേജിലെ പരസ്യം കണ്ടാണ് കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി തട്ടിപ്പിനിരയായത്


കണ്ണൂര്‍: പലതരം ഓൺലൈൻ തട്ടിപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പശുക്കച്ചവടത്തിന്റെ പേരിൽ ഓൺലൈൻ വഴി പണം തട്ടിയെടുത്ത സംഭവം മുൻപ് കേട്ടു കേൾവി പോലുമുണ്ടാകില്ല. കണ്ണൂർ മട്ടന്നൂരിലാണ് പശുക്കളെ നൽകാം എന്ന് വാഗ്ദാനം ചെയ്ത് മുൻ പ്രവാസിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇത്തിരി തേങ്ങാ പിണ്ണാക്ക്,ഇത്തിരി പരുത്തിക്കുരു, ഇത്തിരി തവിട്, ഇത്രയും കൊടുത്താൽ പാല് ശറപറാന്ന് ഒഴുകും. പരസ്യം വന്നത് രാജസ്ഥാനിലെ യൂട്യൂബറുടെ പേജിൽ. ഇത് കണ്ട മട്ടന്നൂർ കുമ്മാനം സ്വദേശി റഫീഖ് 10 പശുക്കളെയും രണ്ട് എരുമകളെയും ഓർഡർ ചെയ്തു. ആകെ 5,60,000 രൂപ. ഒരു ലക്ഷം അഡ്വാൻസ്. ബാക്കി തുക പശുക്കൾ വീട്ടിലെത്തുമ്പോൾ നേരിട്ട് നൽകണമെന്നായിരുന്നു കരാർ. വിൽപ്പനക്കാരൻ എന്ന് പരിചയപ്പെടുത്തിയ ആൾ അയാളുടെ ആധാർ കാർഡ്,പാൻ കാർഡ്,പശു ഫാമിന്റെ ചിത്രങ്ങൾ എല്ലാം അയച്ചു നൽകി.
കരാർ പ്രകാരം റഫീഖ് 25000 രൂപ ബാങ്ക് അക്കൗണ്ട് വഴിയും 75,000 രൂപ ഗൂഗിൾ പേ വഴിയും അയച്ചു നൽകി. പിന്നാലെ ഓർഡർ ചെയ്ത പശുക്കളെ വാഹനത്തിൽ കയറ്റുന്ന വീഡിയോ റഫീക്കിന്റെ ഫോണിലേക്ക് എത്തി. മൂന്നുദിവസത്തിനുള്ളിൽ പശുക്കൾ വീട്ടുമുറ്റത്ത് എത്തുമെന്നായിരുന്നു വാഗ്ദാനം. ആഴ്ച ഒന്ന് കഴിഞ്ഞിട്ടും പശുക്കളുടെ പൊടി പോലുമില്ല. പണം വാങ്ങിയ ആളുടെ ഫോണിലേക്ക് വിളിച്ചപ്പോൾ സ്വിച്ച് ഓഫ്. ഇതോടെയാണ് വഞ്ചിക്കപ്പെട്ടുവെന്ന് റഫീഖ് മനസ്സിലാക്കിയത്.
ഫോൺ നമ്പർ മാറ്റിയെങ്കിലും മറ്റൊരു ഫോൺ നമ്പറിൽ യൂട്യൂബ് വഴിയുള്ള പശു കച്ചവട തട്ടിപ്പ് ഇപ്പോഴും തുടരുകയാണ്. അഷ്റഫിന്റെ പരാതിയിൽ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തിട്ടുണ്ട്.