ഗവ. മുൻ പ്ലീഡർ പി.ജി മനു മരിച്ച നിലയിൽ
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്


കൊല്ലം:ഗവ. മുൻ പ്ലീഡർ പി.ജി മനുവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലത്തെ വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ ആവശ്യങ്ങൾക്കായി കൊല്ലത്ത് എത്തിയത് ആയിരുന്നു. സീനിയർ ഗവൺമെന്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. ഡോ. വന്ദന കേസിൽ പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാൻ വേണ്ടിയാണ് എറണാകുളം പിറവം സ്വദേശിയായ മനു കൊല്ലത്തെത്തിയത്. പാനായിക്കുളം ഉൾപ്പടെയുള്ള എൻഐഎ കേസുകളിൽ പ്രോസിക്യൂട്ടർ ആയിരുന്നു.
എറണാകുളം പിറവം സ്വദേശിയാണ് അഡ്വക്കേറ്റ് പി.ജി മനു. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയാണ്.
സർക്കാർ അഭിഭാഷകനായിരുന്ന പി.ജി മനു നിയമസഹായം തേടിയെത്തിയ ഒരു പെൺകുട്ടിയെ പീഡിപ്പിക്കുകയും അശ്ലീല ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. 2018ൽ നടന്ന പീഡന കേസിൽ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിച്ചത്. കേസിൽ മുൻകൂർ ജാമ്യം തേടി മനു ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി തള്ളിയിരുന്നു.
10 ദിവസത്തിനകം ചോറ്റാനിക്കര പൊലീസിന് മുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു. കോടതി അനുവദിച്ച സമയപരിധി അവസാനിച്ചിട്ടും മനു കീഴടങ്ങാൻ തയ്യാറാവാത്തതിനെ തുടർന്ന് പുത്തൻകുരിശ് ഡി.വൈ.എസ്.പി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പിന്നീട് മനു കീഴടങ്ങിയിരുന്നു. കേസിൽ ജാമ്യത്തിലായിരുന്നു മനു.