സിമി ബന്ധം ആരോപിച്ച് പുറത്താക്കാൻ ശ്രമിച്ചു; മലപ്പുറം എസ്പിക്കെതിരെ​ ​ഗുരുതര ആരോപണവുമായി മുൻ മജിസ്ട്രേറ്റ്

'അന്വേഷിച്ചപ്പോൾ, ശശിധരന് ഒരു സംഘ് ചായ്‌വുള്ള മനസുണ്ടെന്ന് അറിഞ്ഞു. അതിപ്പോൾ തെളിഞ്ഞിരിക്കുകയാണ്. പണ്ട് 12,000 കേസുണ്ടായിരുന്ന മലപ്പുറത്ത് ഇപ്പോൾ 40,000ഉം 50,000ഉം ഒക്കെ കേസാക്കി മാറ്റിയെന്ന് പറയുമ്പോൾ എത്ര ചെറുപ്പക്കാരുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത് എന്നോർക്കണം'.

Update: 2024-09-09 08:25 GMT
Former magistrate with serious allegations against Malappuram SP S Sasidharan
AddThis Website Tools
Advertising

ആലപ്പുഴ: മലപ്പുറം എസ്പി എസ്. ശശീധരനെതിരെ ഗുരുതര ആരോപണവുമായി മുൻ മജിസ്ട്രേറ്റ് എം. താഹ. ഡിവൈഎസ്പി ആയിരിക്കെ ‌ശശിധരൻ സിമി ബന്ധം ആരോപിച്ച് തന്നെ പുറത്താക്കാൻ ശ്രമിച്ചെന്നും പാനായിക്കുളം കേസിൽ പ്രതിക്ക് ഉപാധികളോടെ ജാമ്യം നൽകിയതിനാണ് പകവീട്ടൽ നടത്തിയതെന്നും താഹ മീഡിയവണിനോട് പറഞ്ഞു.

അന്നത്തെ ഹൈക്കോടതി വിജിലൻസ് ഡയറക്ടറെ കൂട്ടുപിടിച്ചായിരുന്നു ശശിധരന്റ നീക്കം. ശശിധരൻ ഐപിഎസ് നേടിയത് നേരായ മാർഗത്തിലാണോ എന്ന് പരിശോധിക്കണമെന്നും എം. താഹ മീഡിയവണിനോട് പറഞ്ഞു. 'പാനായിക്കുളം കേസിൽ നിസാം എന്നയാളെ തന്റെ മുന്നിൽ ഹാജരാക്കി. കസ്റ്റഡി വേണമെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡി അനുവദിച്ചു. പിറ്റേദിവസം വീണ്ടും ഹാജരാക്കി റിമാൻഡ് ചെയ്യാൻ ആവശ്യപ്പെട്ടു. അതുപ്രകാരം താൻ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലേക്ക് മാറ്റാൻ ഉത്തരവെഴുതുകയും ചെയ്തു'- അദ്ദേഹം പറഞ്ഞു.

'അപ്പോഴാണ്, നിസാമിന്റെ വക്കീൽ ഒരു കാര്യം ചൂണ്ടിക്കാട്ടിയത്. നിസാം നാട്ടകം പോളിടെക്‌നിക്കിൽ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ചാം സെമസ്റ്റർ എക്‌സാം അടുത്തയാഴ്ചയാണെന്നും അയാളുടെ വിദ്യാഭ്യാസം തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും വക്കീൽ പറഞ്ഞു. ഇതോടെ കേസ് ഡയറി ഹാജരാക്കാൻ താൻ പൊലീസിനോട് ആവശ്യപ്പെടുകയും അത് പരിശോധിക്കുകയും ചെയ്തു. അത് വായിച്ചശേഷം ആ പയ്യന്റെ പഠനവും പരീക്ഷകളുമൊക്കെ നശിപ്പിച്ചിട്ട് എന്ത് ചെയ്യാനാണ് എന്നുകരുതി കർശന ഉപാധി വച്ച് ജാമ്യം നൽകി'.

'നാല് ദിവസത്തിനുള്ളിൽ ജില്ലാ ജഡ്ജി വിളിക്കുകയും തന്നെ സ്ഥലംമാറ്റിയെന്ന് പറയുകയും ചെയ്തു. കാരണമെന്താണെന്ന് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാൻസ്ഫർ ഗ്രാൻഡ് ഉൾപ്പെടെ ഒന്നും നൽകാതെയായിരുന്നു നടപടി. ഉടൻ തന്നെ താൻ അവിടെനിന്നും പോയി. പിന്നീടാണ്, കോഴിക്കോട് ജില്ലയുടെ ചാർജുണ്ടായിരുന്ന ജസ്റ്റിസ് പയസ് കുര്യാക്കോസ് നടന്ന സംഭവങ്ങൾ വിവരിച്ചത്. 'താങ്കളെ സസ്‌പെൻഡ് ചെയ്യാനുള്ള ഭയങ്കരമായ ശ്രമങ്ങളാണ് നടന്നതെന്നും എന്നാൽ അത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് താൻ ശക്തമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അത്തരമൊരു നടപടിയുണ്ടാവാതിരുന്നത്'- എന്നും ജസ്റ്റിസ് പയസ് കുര്യാക്കോസ് പറഞ്ഞു. അന്ന് എന്നെ സസ്‌പെൻഡ് ചെയ്യാൻ ശ്രമിച്ച മനുഷ്യനാണ് ഈ ശശിധരൻ'- എം. താഹ വ്യക്തമാക്കി.

നാട്ടകം കോളജിൽ പഠിച്ചുകൊണ്ടിരുന്ന പയ്യനെ അറസ്റ്റൊന്നും ചെയ്യാതെ എക്‌സാം അടുത്ത കാലത്ത് പൊക്കിക്കൊണ്ടുവന്ന് റിമാൻഡ് ചെയ്യിച്ച് അവന്റെ പഠനം നശിപ്പിക്കാനുള്ള ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു എന്നെനിക്ക് ഇപ്പോൾ തോന്നുകയാണ്. നിസാമിന് ജാമ്യം നൽകിയതിനു പിന്നാലെ, താൻ സിമി അംഗമാണെന്ന് ആരോപിച്ച് കുറ്റപത്രം വരെ അയാൾ സമർപ്പിച്ചു. സിമിയുടെ ആശയങ്ങളുമായി ഒരുതരത്തിലും പൊരുത്തപ്പെടാത്ത ആളാണ് താനെന്നും തന്റെ പേര് നോക്കി ഇത്തരമൊരു ആരോപണം ചാർത്തി നശിപ്പിച്ചുകളയാമെന്ന ശ്രമമാണ് ഉണ്ടായതെന്നും അതൊക്കെയൊരു പൊലീസ് ഉദ്യോഗസ്ഥന് ചേരുന്ന നടപടിയല്ലെന്നും എം. താഹ പറഞ്ഞു. ജനാധിപത്യരാജ്യത്ത് അത് പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അന്വേഷിച്ചപ്പോൾ, ശശിധരന് ഒരു സംഘ് ചായ്‌വുള്ള മനസുണ്ടെന്ന് അറിഞ്ഞു. അതിപ്പോൾ തെളിഞ്ഞിരിക്കുകയാണ്. പണ്ട് 12,000 കേസുണ്ടായിരുന്ന മലപ്പുറത്ത് ഇപ്പോൾ 40,000ഉം 50,000ഉം ഒക്കെ കേസാക്കി മാറ്റിയെന്ന് പറയുമ്പോൾ എത്ര ചെറുപ്പക്കാരുടെ ജീവിതമാണ് നശിപ്പിച്ചിരിക്കുന്നത് എന്നോർക്കണം. അവരുടെ പേര് അങ്ങനെ ആയിപ്പോയതിന്റെ പേരിലാണിത്. പൊലീസ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും നിഷ്പക്ഷരും മതേതര മനസുള്ളവരുമാണ്. പക്ഷേ ഇതുപോലെ ചില പുഴുക്കുത്തുകളും വന്ന് പെടാറുണ്ട്. പലനാൾ ചെയ്യുന്നത് ഒരുനാൾ പുറത്തുവരും എന്നുപറയുന്നതുപോലെ ശശിധരനും സുജിത് ദാസും അജിത് കുമാറുമൊക്കെ ചെയ്തത് ഇപ്പോൾ പുറത്തുവന്നിരിക്കുന്നു. അവരുടെ കള്ളി വെളിച്ചത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇനിയും പുറത്തുവരണം. ഇത്തരം പുഴുക്കുത്തുകൾ നമ്മുടെ ജനാധിപത്യരാജ്യത്തെ സർവീസിന് അപകടകരമാണെന്നും മുൻ മജിസ്ട്രേറ്റ് കൂട്ടിച്ചേർത്തു.


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News