മുസ്‌ലിം ലീഗിന്റെ വയനാട് പുനരധിവാസ പദ്ധതി; ഭവന സമുച്ചയങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച

എട്ട് മാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കും. 10.5 ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമിക്കുന്നത്.

Update: 2025-04-07 16:19 GMT
Foundation stone of housing complexes to be laid on Wednesday of Muslim Leagues Wayanad rehabilitation project
AddThis Website Tools
Advertising

കോഴിക്കോട്: മുസ്‌ലിം ലീഗ് വയനാട് പുനരധിവാസ ‌പദ്ധതിയുടെ ഭാഗമായ ഭവന സമുച്ചയങ്ങളുടെ ശിലാസ്ഥാപനം ബുധനാഴ്ച. മുണ്ടക്കൈ പുനരധിവാസ‌‌ ഗുണഭോക്താക്കളിൽ സർക്കാർ ലിസ്റ്റിലുള്ള 105 പേർക്കാണ് ലീഗ് വീടുവച്ച് കൊടുക്കുന്നത്. ഓരോരുക്കർക്കും എട്ട് സെന്റ് ഭൂമി നൽകുമെന്ന് ലീഗ് നേതാക്കൾ വർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ വീടുകൾക്ക് തറക്കല്ലിടും.

100 പേർക്ക് വീട് നൽകുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചതെങ്കിലും അഞ്ച് പേരെ കൂടി ചേർക്കുകയായിരുന്നെന്ന് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. എട്ട് സെന്റ് ഭൂമിയും വീടും ദുരന്തബാധിതരുടെ പേരിൽ എഴുതിക്കൊടുക്കും. സർക്കാരിന്റെ ലിസ്റ്റിൽ നിന്നാണ് അപേക്ഷകരെ സ്വീകരിച്ചത്. തുടർന്ന് ഇവരിൽ നിന്ന് 105 പേരെ തെരഞ്ഞെടുക്കുകയായിരുന്നു.

മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥലംവാങ്ങിയാണ് വീട് വയ്ക്കുന്നത്. എട്ട് മാസം കൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാക്കും. 10.5 ഏക്കർ ഭൂമിയിൽ 1000 സ്‌ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമിക്കുന്നത്. സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽനിന്ന് മാറി സ്വതന്ത്രമായി തന്നെ വീടുകൾ നിർമിച്ചുകൊടുക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്.

നിശ്ചിത കാലയലളവിലേക്ക് വിൽക്കാൻ കഴിയില്ലെന്ന നിബന്ധന പ്രകാരമായിരിക്കും വീടുകൾ നൽകുക. പ്രധാന റോഡിനോടു ചേർന്നാണ് ഭവന സമുച്ചയം ഒരുങ്ങുക. വീടുകളിലേക്കുള്ള റോഡ്, കുടിവെള്ളം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ഭവന നിർമാണ പദ്ധതിക്ക് കൽപ്പറ്റയിൽ ചേർന്ന ഉപസമിതി യോഗം കഴിഞ്ഞമാസം അന്തിമരൂപം നൽകിയിരുന്നു. സർക്കാരിന്റെ പുനരധിവാസ പദ്ധതി യാഥാർഥ്യമാകുംമുമ്പു തന്നെ വീടുകൾ നിർമിച്ച് താക്കോൽദാനം നിർവഹിക്കാനാണ് മുസ്‌ലിം ലീഗ് ഒരുങ്ങുന്നത്. 


Full View


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News